ff

നെയ്യാറ്റിൻകര: അയൽവാസിയുടെ വീട്ടിലെ സർസ് വയർ കെട്ടുന്നതിനിടയിൽ ഏണിയിൽ നിന്ന് വീണ് പരിക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാരന്റെ കുടുംബം നീതിക്കായി കേഴുന്നു. കുളത്തുർ നല്ലൂർവട്ടം കാക്കറവിളയിൽ കെ.എസ്.ഇ.ബി മസ്ദൂർ തസ്തികയിൽ ജോലിചെയ്തിരുന്ന റിജിലിന്റെ കുടുംബമാണ് ജിവിക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലാതെ അധികൃതരുടെ മുന്നിൽ യാചിക്കുന്നത്. വൈദ്യുതി ബോർഡിന്റെ ഉച്ചക്കട സെക്ഷനിൽ ജോലിചെയ്തിരുന്ന റിജിൽ 2019 ജൂലൈ 15ന് ജോലികഴിഞ്ഞ് മടങ്ങവെ അയൽവാസിയുടെ വീട്ടിലെ സർവീസ് വയർ കെട്ടുന്നതിനിടയിൽ ഏണിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റിജിലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലയോട്ടി തകർന്നുളള ഗുരുതരമായി പരിക്കായതിനാൽ ജീവിതത്തിലേക്ക് തിരിച്ച് വന്നിട്ടില്ല. നിരവധി ശസ്ത്രക്രീയകൾക്ക് വിധേയമാക്കിയ റിജിലിന്റ മുക്കാൽ ശതമാനത്തോളം തലയോട്ടിയും മാറ്റി. സാമാന്യം സാമ്പത്തികമുണ്ടായിരുന്ന കുടുംബം റിജിലിന് വേണ്ടി നാളിതുവരെ 75 ലക്ഷത്തോളം രൂപ ചികിത്സക്കായി ചെലവഴിച്ചു. എന്നാൽ റിജിൽ വയറ് കെട്ടാനായി കയറിയ പോസ്റ്റ് കെ.എസ്.ഇ.ബിയുടെ പൂഴിക്കുന്ന് സെക്ഷനിലാണെന്ന സാങ്കേതിക കാരണം പറഞ്ഞ് 17 മാസമായി ശമ്പളവും തടഞ്ഞ് വച്ചു. വയറ്കെട്ടാനല്ല മറ്റൊരാവശ്യത്തിനാണ് റിജിൽ എത്തിയതെന്ന് കാണിച്ച് പൂഴിക്കുന്ന് സെക്ഷനിൽ നിന്ന് തെറ്റായ റിപ്പോർട്ട് കൂടികൊടുത്തതോടെയാണ് ശമ്പളം തടയപ്പെട്ടത്. ഭർത്താവ് റിജിലുമായി ആശുപത്രി തോറുമുള്ള ഓട്ടത്തിനിടയിൽ ഭാര്യ ഷൈനി പരാതി കൊടുക്കാനും വൈകി. 3 മാസത്തിന് മുമ്പാണ് കെ.എസ്.ഇ.ബിക്ക് പരാതി നൽകിയത്. എന്നിട്ടും നീതി ലഭിച്ചില്ല. 9 ാം തിയതി വൈദ്യുത ഭവനിൽ റിജിലിന്റെ ഭാര്യ ഷൈനിയെ വിളിച്ച് വരുത്തുകയും റിജിൽ ഏണിയിൽ നിന്ന് വീണല്ല പരിക്കേറ്റതെന്നുളള റിപ്പോർട്ട് വായിച്ച് കേൾപ്പിച്ചെങ്കിലും ഷൈനി റിപ്പോർട്ടിനെതിരെ ഉദ്യോഗസ്ഥരോട് പ്രതിഷേധം അറിയിക്കുകയും നടന്ന കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. റിജിലിന്റെ അവസ്ഥമനസിലാക്കിയ ഉച്ചകടയിലെ കെ.എസ്.ഇ.ബി ജീവനക്കാർ 4 ലക്ഷം രൂപ പിരിവെടുത്ത് കുടുംബത്തിന് നൽകി. എന്നാൽ വീടും സ്വർണവുമെല്ലാം പണയത്തിലായ റിജിലിന്റെ കുടുംബം മുടക്കമുളള ശമ്പളം അനുവദിക്കണമെന്ന ആവശ്യവുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്.

എന്നാൽ വൈദ്യുതമന്ത്രിയുടെ ശ്രദ്ധയിൽ ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്നും ഉടനെ റിജിലിന് അനുകൂല്ല്യങ്ങൾ അനുവദിക്കുമെന്നും കെ.ആൻസലൻ എം.എൽ.എ പറഞ്ഞു.