21 ദിവസത്തെ പരോൾ തീരാൻ ഒരു ദിവസം ബാക്കി നിൽക്കെ കഴിഞ്ഞ 16നാണ് മുംബയിലെ വീട്ടിൽ നിന്നും ഡോ. ബോംബ് മുങ്ങിയത്. ആരാണീ ഡോക്ടർ ബോംബ്? ജലീസ് അൻസാരി എന്ന മുംബയ്ക്കാരനായ ഡോക്ടറാണ് ' ഡോ. ബോംബ് ' എന്ന പേരിൽ കുപ്രസിദ്ധനായത്. പേര് പോലെ തന്നെ ബോംബ് നിർമാണത്തിൽ അതീവ തത്പരനും ഇന്ത്യൻ മുജാഹിദ്ദീൻ, സിമി തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധവുമുണ്ടായിരുന്ന ജലീസ് അൻസാരി 1993ലെ മുംബയ് സ്ഫോടന പരമ്പരകൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന 50 ലേറെ സ്‌ഫോടനക്കേസുകൾക്ക് പിന്നിൽ പ്രവർത്തിച്ച മാസ്റ്റർ മൈൻഡുകളിൽ ഒരാളാണ്.
ആരാണ് ഡോ. ബോംബ്
മുംബയിലെ അഗ്രിപാദയിലെ മോമ്‌നിപുര സ്വദേശിയാണ് എം.ബി.ബി.എസ് ബിരുദധാരിയായ ജലീസ് അൻസാരി. നാഗ്പരയിലെ മറാത്ത കോളേജിൽ നിന്നും ബിരുദം സ്വന്തമാക്കിയ അൻസാരി സിയോൺ മെഡിക്കൽ കോളേജിൽ തന്റെ പഠനം പൂർത്തിയാക്കി. ശേഷം ഗ്രേറ്റർ മുംബയ് മുൻസിപ്പൽ കോർപ്പറേഷനിൽ ജൂനിയർ മെഡിക്കൽ ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. രാജ്യത്ത് നടന്ന വിവിധ ബോംബ് സ്‌ഫോടനങ്ങളിൽ പ്രതിയായ അൻസാരി 1993ലെ രാജസ്ഥാൻ ബോംബ് സ്‌ഫോടനത്തെത്തുടർന്നാണ് പിടിക്കപ്പെട്ടത്. രാജധാനി എക്സ് പ്രസുകളിൽ ബോംബ് വച്ചതുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ അൻസാരിയെ അറസ്റ്റ് ചെയ്തത്. തീവ്രാവാദികളെ ബോംബ് ഉണ്ടാക്കാൻ അൻസാരി പഠിപ്പിച്ചിരുന്നു. അങ്ങനെയാണ് ഡോ. ബോംബ് എന്ന പേര് അൻസാരിയ്ക്ക് ലഭിക്കുന്നത്. അജ്മീർ സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു അൻസാരി. 1993 ഡിസംബർ 5, 6 തീയതികളിൽ വിവിധയിടങ്ങളിൽ രാജധാനി എക്സ് പ്രസ് ട്രെയിനുകളിൽ നടന്ന ബോംബ് സ്‌ഫോടനങ്ങളിൽ അൻസാരിയുടെ പങ്ക് തെളിയിക്കപ്പെട്ടിരുന്നു.
പരോൾ മാനദണ്ഡങ്ങളോടെയാണ് അൻസാരിയ്ക്ക് പരോൾ അനുവദിച്ചിരുന്നത്. രാവിലെ 10.30നും ഉച്ചയ്ക്ക് 12നും ഇടയിൽ എല്ലാ ദിവസവും അഗ്രിപാദ പൊലീസ് സ്റ്റേഷനിലെൽ ഹാജരാകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. അൻസാരിയ്ക്ക് പരോൾ നൽകുന്നതിന് ജാമ്യം നിന്ന വ്യക്തിയെപ്പറ്റി പൊലീസ് വിവരങ്ങൾ ശേഖരിച്ചു വരികയായിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
വീട്ടിൽ നിന്നും ഇറങ്ങിയ അൻസാരി പിന്നീട് തിരിച്ചെത്തിയില്ല. കഴിഞ്ഞ 16ന് പുലർച്ചെ പ്രാർത്ഥനയ്ക്കായെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ് അൻസാരി. 17നാണ് അൻസാരിയുടെ പരോൾ തീരേണ്ടിയിരുന്നത്. വീട്ടിൽ നിന്നും ഇറങ്ങിയ അൻസാരി പതിവു പോലെ തന്നെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പോയതാകാമെന്ന് വീട്ടുകാർ കരുതി. പിന്നീട് അവിടെയത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന, ക്രൈംബ്രാഞ്ച്, മുംബയ് പൊലീസ് എന്നിവർ ചേർന്ന് അൻസാരിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കവെ അൻസാരിയെ 17ന് ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് പിടികൂടുകയായിരുന്നു. പിടിക്കപ്പെടുമ്പോൾ 47,000 രൂപയും അൻസാരിയുടെ പക്കലുണ്ടായിരുന്നു.
മനസിൽ ബോംബ് മാത്രം..!
68കാരനായ അൻസാരി തനിക്ക് ലഭിച്ച 21 ദിവസത്തെ സ്വാതന്ത്ര്യം ബോംബുകൾ നിർമിക്കാനുള്ള നൂതനവിദ്യകൾ പഠിക്കാനാണ് ഉപയോഗിച്ചത്. യു.പി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് 8 മണിക്കൂർ ചോദ്യം ചെയ്‌ത ശേഷമാണ് അൻസാരിയെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയ്‌ക്ക് കൈമാറിയത്. ഇന്ത്യൻ മുജാഹിദ്ദീന്റെ സാങ്കേതികവിദ്യാ പ്രഗത്ഭനായ അൻസാരിയ്‌ക്ക് അതി മാരകമായ സ്‌ഫോടശേഷിയുള്ള ബോംബുകൾ നിർമിക്കുന്നതിൽ കഴിവുള്ളയാളാണ്. സ്‌ഫോടക വസ്‌തുക്കൾ നിറച്ച ടിഫിൻ ബോക്‌സ് അജ്മീറിലെ ചാന്ദ്പോൾ പ്രദേശത്തേക്കെത്തിക്കാൻ സൈക്കിളുകളാണ് അൻസാരി തിരഞ്ഞെടുത്തത്. ഇന്ത്യൻ മുജാഹിദ്ദീന്റെ ബോംബിംഗ് ട്രേഡ്മാർക്കുകളിലൊന്നായി അൻസാരിയുടെ ഈ ആശയം മാറി. രജിസ്ട്രേഷനോ പേപ്പറുകളോ വേണ്ടാ എന്നതിനാൽ തീവ്രവാദികൾ ബോംബ് സ്‌ഫോടനങ്ങൾ നടത്താൻ സൈക്കിളുകൾ മികച്ച മാർഗമാക്കി മാറ്റി. പൊലീസ് ഉദ്യോഗസ്ഥർ കണ്ടെടുത്ത അൻസാരിയുടെ ഡയറിയിൽ നിറയെ ഇന്റർനെറ്റിൽ നിന്നും ശേഖരിച്ച ബോംബ് നിർമാണത്തെ സംബന്ധിക്കുന്ന വിവരങ്ങളായിരുന്നു. അതും ചെലവ് കുറഞ്ഞ രീതിയിൽ എങ്ങനെ സ്‌ഫോടനവസ്‌തുക്കൾ നിർമിക്കാമെന്നതായിരുന്നു കൂടുതലും.