hunger-strike

തിരുവനന്തപുരം: നിർമാണമേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനസദസുകളും നിരാഹാരസമരവും നടത്തുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി മൂന്നിന് തിരുവനന്തപുരത്താണ് ആദ്യ ജനസദസ് സംഘടിപ്പിക്കുക. തുടർന്ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി യോഗങ്ങൾ സംഘടിപ്പിക്കും. മാർച്ച് 4 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹവും എപ്രിൽ 13 മുതൽ ഉപരോധസമരവും സംഘടിപ്പിക്കും. കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ, ഇലക്ട്രിക്കൽ കോൺട്രാക്‌ടേഴ്സ് അസോസിയേഷൻ, വാട്ടർ അതോറിട്ടി കോൺട്രാക്‌ടേഴ്സ് അസോസിയേഷൻ, എൽ.എസ്.ജി.ഡി കോൺട്രാക്‌ടേഴ്സ് അസോസിയേഷൻ, പി.എം.ജി.എസ്‌.വൈ കോൺട്രാക്‌ടേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സമരം. വാർത്താസമ്മേളനത്തിൽ സംയുക്തസമരസമിതി ചെയർമാൻ കെ. അനിൽകുമാർ, ജനറൽ കൺവീനർ ആർ. രാധാകൃഷ്ണൻ, ട്രഷറർ ജോസഫ് ജോൺ, കെ.ജി.സി.എ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, രഘുനാഥൻ തുടങ്ങിയവർ പങ്കെടുത്തു.