തിരുവനന്തപുരം: ജനാധിപത്യ, ഭരണഘടനാപരമായ തത്ത്വങ്ങളെ അവഗണിച്ച് ആർ.എസ്.എസിന്റെ ചട്ടുകമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നതെന്നും ഗവർണർ നടപ്പാക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ പറഞ്ഞു. പൗരത്വനിയമ ഭേദഗതിക്കെതിരെയും ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെയും സുഭാഷ് ചന്ദ്രബോസ് ദിനത്തിൽ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാരിനെതിരെയുള്ള തരംതാണ നിലപാട് ഗവർണർ തുടർന്നാൽ ശക്തമായ സമരങ്ങളിലൂടെ അദ്ദേഹത്തെ നേർവഴിക്ക് നടത്താൻ അറിയാം. ഭരണഘടനയ്ക്ക് അനുസൃതമായാണ് ഗവർണർമാർ പ്രവർത്തിക്കേണ്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ പാസാക്കിയ പ്രമേയത്തിനെതിരെയും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിക്കെതിരെയും നിരന്തരം പത്രസമ്മേളനങ്ങൾ വിളിക്കുന്ന തിരക്കിലാണ് ഗവർണർ. ഭരണഘടനാപരമായ അവകാശമാണ് സംസ്ഥാനസർക്കാർ വിനിയോഗിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷനായി. കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, തകിടി കൃഷ്ണൻ നായർ, മാങ്കോട് രാധാകൃഷ്ണൻ, നന്ദിയോട് സുഭാഷ് ചന്ദ്രൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, വി. സുരേന്ദ്രൻ പിള്ള, തമ്പാനൂർ രാജീവ്, സബീർ തൊളിക്കുഴി, എസ്.വി. സുരേന്ദ്രൻ നായർ, വാമനപുരം പ്രകാശ്കുമാർ, പാളയം രാജൻ, ഇടക്കുന്നിൽ മുരളി, എ.എച്ച് ഹാഫീസ്, രാഖി രവികുമാർ എന്നിവർ സംസാരിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ സ്വാഗതവും ഫിറോസ് ലാൽ നന്ദിയും പറഞ്ഞു.