തിരുവനന്തപുരം: പ്രളയ സാദ്ധ്യതാ മേഖലകളിൽ വേണ്ടത് കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ വികസന ശൈലിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയ നിവാരണവുമായി ബന്ധപ്പെട്ട് എൻ.എച്ച്.പിയും ഡ്രിപ്പും സംയുക്തമായി സംഘടിപ്പിച്ച ദേശീയ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജപ്പാൻ സ്വീകരിച്ച മാതൃക ഇക്കാര്യത്തിൽ പിന്തുടരാവുന്നതാണ്. താഴ്ന്നതും ഉയർന്നതുമായ പ്രദേശങ്ങളെ ശരിയായ വിധത്തിൽ ക്രമീകരിച്ചാണ് ജപ്പാൻ വെള്ളപ്പൊക്കത്തെ നേരിടുന്നത്.
പ്രളയ നിവാരണത്തിനു വേണ്ട നയം രൂപീകരിക്കുമ്പോൾ പരമ്പരാഗത അറിവുകളും പ്രാദേശിക സവിശേഷതകളും കൂടി പരിഗണിക്കണം. ശാസ്ത്രീയ ജല മാനേജ്മെന്റിന്റെ അഭാവമാണ് കേരളത്തിലെ ദുരന്തങ്ങൾക്ക് കാരണമെന്നാണ് വിദഗ്ദ്ധാഭിപ്രായം. പുഴയ്ക്ക് സ്വാഭാവിക ഒഴുക്ക് മടക്കി നൽകുന്ന റൂം ഫോർ റിവർ ആശയത്തിന് പരിഗണന നൽകണം.നദികളുൾപ്പെടെയുള്ള ജലസ്രോതസുകൾ മാലിന്യമുക്തമാക്കണം. ഇതിനായി ഹരിത കേരള മിഷൻ നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. അഡിഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, കേന്ദ്ര ജൽശക്തി മന്ത്രാലയം അഡിഷണൽ സെക്രട്ടറി ടി. രാജേശ്വരി, ജലവിഭവ വകുപ്പ് സെക്രട്ടറി ബി.അശോക് എന്നിവർ സംസാരിച്ചു.