parkinsons-
photo

തിരുവനന്തപുരം: ഇന്ത്യക്കാരിലെ പാർക്കിൻസൺസ് രോഗത്തിന്റെ ജനിതക അടിസ്ഥാനം കണ്ടെത്താൻ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിന്റെ നേതൃത്വത്തിലുള്ള ജിനോം വൈഡ് അസോസിയേഷൻ സ്റ്റഡിക്ക് അമേരിക്ക 2.3 ദശലക്ഷം ഡോളർ (16കോടി രൂപ) സഹായം നൽകി. ശ്രീചിത്ര ഡയറക്ടർ ഡോ. ആശാ കിഷോർ, ടൂബിൻജെൻ സർവകലാശാലയിലെ ഡോ. മനു ശർമ്മ എന്നിവർ സമർപ്പിച്ച ഗവേഷണ പ്രമേയത്തിനാണ് അമേരിക്കയിലെ പാർക്കിൻസൺസ് രോഗ ഗവേഷണ ഫണ്ടിംഗ് ഏജൻസിയായ മൈക്കേൽ ജെ. ഫോക്‌സ് ഫൗണ്ടേഷനിൽ നിന്ന് സഹായം ലഭിച്ചത്.

ഇന്ത്യയിൽ പാർക്കിൻസൺ രോഗത്തെ കുറിച്ചുള്ള ആദ്യത്തേതും, നാഡീ രോഗങ്ങളെ കുറിച്ചുള്ള ഏറ്റവും വലുതുമായ ജിവാസ് പഠനമാണിത്. 3 വർഷമാണ് പഠന കാലയളവ്. ശ്രീചിത്രയിലെ സമഗ്ര ചലനവൈകല്യ ചികിത്സാകേന്ദ്രം നേതൃത്വം നൽകുന്ന പഠനത്തിൽ രാജ്യത്തെ ആരോഗ്യഗവേഷണ മേഖലയിലെ 20 സ്ഥാപനങ്ങൾ പങ്കാളികളാണ്. ജനിതക വിവരങ്ങളുടെ സൂക്ഷ്മ അപഗ്രഥനം ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജിയും ടൂബിൻജെനിലെ സെന്റർ ഫോർ ജനറ്റിക് എപ്പിഡമോളജിയും ചേർന്ന് നടത്തും.

ശ്രീചിത്രയ്‌ക്ക് പുറമേ എയിംസ് ന്യൂഡൽഹി, നിംഹാൻസ്, ബംഗളൂരു, നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, ഹൈദരാബാദ് എന്നിവയാണ് നോഡൽ സെന്ററുകൾ. പി.ജി.ഐ ചണ്ഡിഗഢ്, എയിംസ് ഋഷികേശ്, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂറോ സയൻസസ് കൊൽക്കത്ത, വിക്രം ഹോസ്പിറ്റൽ ബംഗളൂരു, വിജയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്ലിനിക്കൽ ആൻഡ് മെഡിക്കൽ റിസർച്ച് ചെന്നൈ, പി.എസ്.ജി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് കോയമ്പത്തൂർ, ഗോവ മെഡിക്കൽ കോളേജ്, ലൂർദ്‌സ് ഹോസ്‌പിറ്റൽ എറണാകുളം, ഗ്ലോബൽ ഹോസ്‌പിറ്റൽ, ജസ്‌ലോക് ഹോസ്‌പിറ്റൽ, ധിരുബായ് അംബാനി ഹോസ്‌പിറ്റൽ മുംബയ്, നാരായണ ഹൃദയാലയ ബംഗളൂരു തുടങ്ങിയ ഉപകേന്ദ്രങ്ങളിലെ ന്യൂറോളജിസ്റ്റുകൾ, ജനിതക വിദഗ്ദ്ധർ മുതലായവരും പഠനത്തിന്റെ ഭാഗമാകും.

പാർക്കിൻസൺസ്

 60 വയസ് കഴിഞ്ഞവരിൽ ഒരു ശതമാനവും, 85ന് മുകളിലുള്ളവരിൽ നാല് ശതമാനവും കണ്ടുവരുന്ന നാഡീസംബന്ധമായ രോഗമാണ് പാർക്കിൻസൺസ്.

 510 ശതമാനം രോഗികളിൽ പാരമ്പര്യ ഘടകങ്ങൾ രോഗകാരണമാകുന്നു.

 ഇന്ത്യക്കാരുൾപ്പെടെയുള്ളവരിൽ പാർക്കിൻസൺസിന് കാരണമാകുന്ന നിരവധി ജീനുകൾ കണ്ടെത്താനാകും

 തലച്ചോറിലെ പ്രത്യേക ഭാഗത്തെ കോശങ്ങൾ നശിക്കുന്നതാണ് രോഗത്തിന് കാരണം.

 കൈ വിറയൽ, ശരീരം ചലിപ്പിക്കാനുള്ള പ്രയാസം, സാവധാനമുള്ള ചലനം, നടക്കുമ്പോൾ വീഴാൻ പോവുക മുതലായവയാണ് ലക്ഷണങ്ങൾ.