help

കിളിമാനൂർ: കോളേജിന്റെ വാർഷികാഘോഷത്തിന് സെലിബ്രിറ്റികൾക്കായി മാറ്റിവച്ച തുക നാട്ടുകാരനായ യുവാവിന്റെ ചികിത്സക്ക് നൽകി ഒരു പാരലൽ കോളേജ് മാതൃകയായി. കിളിമാനൂരിലെ വിക്ടറി കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപകരും മാനേജുമെന്റുമാണ് അരലക്ഷം രൂപ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുന്ന കിളിമാനൂർ പുതിയകാവ് ദേവിശ്രീയിൽ ജിതിൻ രാജിന്റെ (19) അടിയന്തര ചികിത്സക്ക് നൽകിയത്. പട്ടാള റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനായി വെഞ്ഞാറമൂട്ടിലുള്ള ഒരു സ്ഥാപനത്തിലേക്ക് സുഹൃത്തായ മഹി ദേവി (19)നൊപ്പം സഞ്ചരിക്കവെ പൊരുന്തമണിൽ വച്ചാണ് ജിതിൻ അപകടത്തിൽപ്പെട്ടത്. കാറുമായി കൂട്ടിയിടിച്ച് ഇരുവർക്കും സാരമായി പരിക്കേറ്റു. ജിതിൻ രാജിന്റെ ഇരു കൈകളും ഒടിയുകയും കിഡ്നിക്കും യൂറിനൽ ബ്ലാഡറ്റിനും തകരാർ സംഭവിക്കുകയും ചെയ്തു.10 ലക്ഷത്തോളം രൂപ ഇതിനകം ചികിത്സയ്ക്കായി വേണ്ടിവന്നു. നിർദ്ധനരായ രാജു-ബീന ദമ്പതികളുടെ മകനാണ്. വിക്ടറി കോളേജിന്റെ സമീപ പ്രദേശത്താണ് താമസം. ഇവരുടെ ദുരവസ്ഥ ബോദ്ധ്യപ്പെട്ട പ്രിൻസിപ്പൽ എ.എം.നസീർ ഇക്കാര്യം അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും സൂചിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോളേജ് അങ്കണത്തിൽവച്ച് തുക ജിതിൻ രാജിന്റെ പിതാവ് രാജുവിന് പ്രിൻസിപ്പൽ എ.എം. നസീർ കൈമാറി.