തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ് കേരളത്തിലേതെന്നും നൂതനാശയങ്ങൾ ഉപയോഗപ്പെടുത്തി സർക്കാർ വകുപ്പുകളുടെ മികവ് ഉയർത്താൻ കെ-ഡിസ്കിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ-ഡിസ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരള ഇന്നവേഷൻ ദിനത്തിന്റെയും മെഡിക്കൽ ടെക്നോളജി കൺസോർഷ്യത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക മുന്നേറ്റങ്ങളിലൂടെ വികസന വെല്ലുവിളികളെ നേരിടാൻ നാടിനെ സജ്ജമാക്കുകയാണ് സർക്കാർ. ഈ ലക്ഷ്യം നേടാൻ ബ്ളോക്ക് ചെയിൻ, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണം. കേരള ഫുഡ് പ്ലാറ്റ്ഫോം മൊബൈൽ ആപ്പിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു. മേയർ കെ. ശ്രീകുമാർ, വി.എസ്. ശിവകുമാർ എം.എൽ.എ, ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.