semi-high-speed-train

തിരുവനന്തപുരം: റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയതോടെ തിരുവനന്തപുരം - കാസർകോട് സെമി ഹൈ സ്‌പീഡ് പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. സാദ്ധ്യതാ പഠന റിപ്പോർട്ട് പ്രകാരം 1226 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. നിലവിലെ ലൈനിന് സമാന്തരമായി പുതിയ പാത പോകുന്ന ഇടങ്ങളിൽ റെയിൽവേക്കുള്ള അധിക ഭൂമി പദ്ധതിക്ക് ഉപയോഗിക്കാമെന്ന് റെയിൽവേ മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്. ഇങ്ങനെ 200 ഹെക്ടർ ഭൂമി ലഭിക്കും. ബാക്കി ഭൂമി ഏറ്റെടുത്താൽ മതി. സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് ഉടൻ ലാൻഡ് അക്വസിഷൻ സെല്ലുകളാരംഭിക്കും.

റെയിൽവേക്കും സംസ്ഥാന സർക്കാരിനും തുല്യ ഓഹരിയുള്ള കമ്പനിയാണ് 66,000 കോടി ചെലവുള്ള പദ്ധതി ഏറ്റെടുക്കുന്നത്. വിദേശ വായ്‌പയ്‌ക്കായി ജർമ്മൻ ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്, ജപ്പാൻ ഇന്റർനാഷണൽ കോ-ഓപറേഷൻ ഏജൻസി (ജൈക്ക) എന്നിവയുമായി ചർച്ച നടത്തിക്കഴിഞ്ഞു.

പാതയുടെ ആകാശ സർവെയും ട്രാഫിക് സർവെയും പൂർത്തിയായി. മാർച്ചിൽ അന്തിമ അലൈൻമെന്റ് തയ്യാറാവും. ഈ വർഷം നിർമ്മാണം ആരംഭിക്കുന്ന പദ്ധതി 2024 ൽ പൂർത്തിയാക്കും. യോഗത്തിൽ മന്ത്രി ജി. സുധാകരൻ, ചീഫ്‌സെക്രട്ടറി ടോം ജോസ്, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ എം.ഡി വി. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

പദ്ധതി നടപ്പാക്കിയാൽ

 ഹൈസ്‌പീഡ് ട്രെയിൻ ഓടുന്നത് 200 കിലോമീറ്റർ വേഗത്തിൽ

 തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്താൻ ഒന്നര മണിക്കൂർ

 കാസർകോട്ടെത്താൻ 3.52 മണിക്കൂർ

 പാതയുടെ ആകെ നീളം - 532 കി.മീറ്റർ

 സ്റ്റേഷനുകൾ 10 - തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്

 ട്രെയിൻ കോച്ചുകൾക്ക് ആഗോള നിലവാരം

 സെമി ഹൈസ്‌പീഡ് റെയിൽവേ റോഡിലെ തിരക്ക് കുറയ്‌ക്കുമെന്ന് പ്രതീക്ഷ