വർക്കല: വീടിനോട് ചേർന്നുള്ള മാലിന്യക്കുഴിയിൽ വീണ പശുവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. കരുനിലക്കോട് പ്ലാവിളവീട്ടിൽ കൈരളിയുടെ പശുവാണ് ചാണകവും മറ്റു മാലിന്യങ്ങളും നിറഞ്ഞ പറമ്പിലെ കുഴിയിൽ വീണത്. മുക്കാൽ ഭാഗത്തോളം മാലിന്യത്തിൽ മുങ്ങിയ പശുവിന് തനിയെ കയറാനാകാതെ വന്നതോടെ അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. അവരെത്തിയിട്ടും മാലിന്യക്കുഴിയിൽ ഇറങ്ങാനാവാതെ ബുദ്ധിമുട്ടി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ബെൽറ്റുപയോഗിച്ച് പശുവിനെ ഉയർത്തി പുറത്തെടുക്കുകയായിരുന്നു.