കല്ലമ്പലം: പള്ളിക്കൽ കിഴക്കനേലായിലെ ആളില്ലാത്ത വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു. വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ പലയിടത്തായി സൂക്ഷിച്ചിരുന്ന നാലുപവൻ സ്വർണവും 5,000 രൂപയുമാണ് കവർന്നത്. കിഴക്കനേല കെട്ടിടം ജംഗ്ഷൻ എൻ.എസ് മൻസിലിൽ നാസറുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. നാസറുദ്ദീൻ വിദേശത്താണ്. ഭാര്യ സീനത്ത് ബീവി തോട്ടക്കാട്ടുള്ള അനുജത്തിയുടെ മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അലമാരകൾ തുറന്ന്‍ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. പ്രമാണങ്ങളും മറ്റ് രേഖകളുമെല്ലാം വലിച്ചുവാരിയിട്ടെങ്കിലും അവയൊന്നും നഷ്ടപ്പെട്ടിട്ടില്ല. പള്ളിക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.