നെയ്യാറ്റിൻകര: നൂറു വർഷത്തിലേറെ പഴക്കമുള്ള പടവിള മാർക്കറ്റ് ഇന്നും വികസനമില്ലാതെ മുരടിക്കുകയാണ്.

മത്സ്യ-മാംസ കച്ചവടത്തിനും പച്ചക്കറി കച്ചവടത്തിനുമൊക്കെ അടിസ്ഥാനസൗകര്യങ്ങൾ നന്നേ കുറവാണ്. മഴയെത്തിയാൽ പച്ചക്കറികളുമായി അവ വിൽക്കാനെത്തുന്ന ചെറു കച്ചവടക്കാർ അടുത്തുള്ള കടകളിലേക്ക് ഓടിക്കയറണം.

വില്പനക്കാർക്കായി ഒരുക്കിയിട്ടുള്ള ചന്തയിലെ ഷെഡ്ഡും കെട്ടിടവും മഴയത്ത് ചോർന്നൊലിക്കുന്നവയാണ്. മത്സ്യക്കച്ചവടത്തിനും പച്ചക്കറി കച്ചവടത്തിനും പ്രത്യേകം സ്റ്റാളുകളില്ല. മത്സ്യം കേടാകാതിരിക്കാൻ ഫ്രീസർ സൗകര്യം പോലുമില്ല. മാംസാവശ്യത്തിനുള്ള അറവ് മാടുകളുടെ കശാപ്പിനായി സ്ലാട്ടർഹൗസില്ല. മാർക്കറ്റുകളിൽ അറവ് ശാലകൾ വേണമെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശമുണ്ടെങ്കിലും ഇവിടത്തെ അറവുശാല പൂട്ടിക്കിടപ്പാണ്. ആധുനിക സൗകര്യമുള്ള അറവുശാല നിർമ്മിക്കാനായി നെയ്യാറ്റിൻകര നഗരസഭയുടെ ബഡ്ജറ്റിൽ തുക നീക്കിവയ്ക്കാറുണ്ടെങ്കിലും നിർമ്മാണ പ്രവർത്തനമില്ല. ചില്ലിട്ട കണ്ണാടിഗ്ലാസുകളുടെ മറവിൽ മാത്രമേ മൃഗങ്ങളുടെ മാംസം പ്രദർശിപ്പാക്കാൻ പാടുള്ളുവെന്ന് ഹൈക്കോടതി നിർദ്ദേശം ഉണ്ടെങ്കിലും അതും ഇവിടെ കാണാനില്ല.

തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ് പടവിള മാർക്കറ്റ്. മാർക്കറ്റിൽ എത്തുന്നവർ സൂക്ഷിച്ച് നടന്നില്ലെങ്കിൽ കടി ഉറപ്പാണ്. വഴി നടക്കേണ്ട സ്ഥലങ്ങളിലാണ് പലപ്പോഴും നായ്ക്കൾ കിടക്കുന്നത്. മാർക്കറ്റിൽ എത്തുന്നവർ അവയുടെ ദേഹത്ത് ചവിട്ടാതെ ഒഴിഞ്ഞുപോകണം. മാർക്കറ്റിൽ ഉപേക്ഷിക്കുന്ന മത്സ്യത്തിന്റെയും ഇറച്ചിയുടെയും വേസ്റ്റിനായി കടിപിടി കൂടുന്നതും ഈ ആവശിഷ്ടങ്ങൾ സമീപ പ്രദേശങ്ങളിൽ കൊണ്ടിടുന്നതും പതിവാണ്. കൂടാതെ സമീപ പ്രദേശത്തെ വീടുകളിലും ഇവ എത്തുന്നതായി പരാതിയുണ്ട്. തെരുവുനായ ശല്യം നിയന്ത്രിക്കാൻ നഗരസഭ അധികൃതർ യാതോരു സംവിധാനവും ഇതുവരെ നടപ്പാക്കിയിട്ടില്ല.

നഗരസഭയ്ക്ക് 30 ലക്ഷത്തിലേറെ രൂപ ലേലവരുമാനമുള്ളതാണ് ടൗൺ മാർക്കറ്റ്. ഇവിടെ വിൽക്കാൻ കൊണ്ടുവരുന്ന മത്സ്യത്തിൽ മനുഷ്യശരീരത്തിന് ഹാനികരമായ രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള ആരോഗ്യവകുപ്പിന്റെ ഔട്ട് ലെറ്റും ഇതുവരെ സ്ഥാപിച്ചിട്ടില്ല.

പ്ലാസ്റ്രിക് ഉപയോഗം പൂർണമായും നിരോധിച്ചിട്ടുണ്ടെങ്കിലും ചന്തയ്ക്കുള്ളിൽ പ്ലാസ്റ്രിക് കാരി ബാഗുകൾ ഇപ്പോഴും തുടരുകയാണ്. ഇവ പരിശോധിക്കാനായി ഉദ്യോഗസ്ഥർ ആരും ഇതുവരെ മാർക്കറ്റിൽ എത്തിയിട്ടില്ല.