വർക്കല: നന്ദാവനം ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ നിജസ്ഥിതി ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനുവേണ്ടി സി.പി.എം വർക്കല നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആൽത്തറമൂട് ജംഗ്ഷനിൽ സംഘടിപ്പിച്ച വിശദീകരണയോഗം അഡ്വ. വി. ജോയി. എം.എൽ.എ ഉദ്ഘാടനം ചെയ്തു. നന്ദാവനം ഭൂമിയിൽ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നില്ല. ഈ ഭൂമി റവന്യൂ അധികാരികൾ ലൈഫ് മിഷനുവേണ്ടി പരിശോധിച്ചിരുന്നു. നന്ദാവനം ഭൂമിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് ദേവസ്വം ബോർഡും റവന്യൂ വകുപ്പും തമ്മിലുള്ള തർക്കം പരിശോധിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസും, ബി.ജെ.പിയും നടത്തുന്ന വ്യാജ പ്രചരണങ്ങൾ തളളിക്കളയണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. സി.പി.എം ഏരിയ കമ്മിറ്റിയംഗം വിശ്വൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ്, മുൻ ചെയർമാൻ ബിജു.കെ.ആർ ശരീന്ദ്രൻ, സുനിൽകുമാർ, നിതിൻ നായർ എന്നിവർ സംസാരിച്ചു.