കല്ലമ്പലം: അയിരൂർ പുഴയുടെ ഉത്ഭവ സ്ഥാനമായ നാവായിക്കുളം കൂനൻച്ചാലിൽ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപം വ്യാപകം. കഴിഞ്ഞ ദിവസം രാത്രിയിലാകാം മാലിന്യങ്ങൾ നിക്ഷേപിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് പതിവായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നതായി വ്യാപക പരാതിയുണ്ട്. നാട്ടുകാർ നിരവധി തവണ പഞ്ചായത്തിലും മറ്റും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പ്ലാസ്റ്റിക് കവറുകളും മറ്റും ഉപയോഗിക്കരുതെന്ന നിയമം വന്നതോടെയാണ് പുഴയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടുതലായി തള്ളിയിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശവാസികൾ ഗാർഹിക - കാർഷികേതരാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെള്ളത്തിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയതിൽ പ്രതിഷേധം ശക്തമാണ്. നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.