തിരുവനന്തപുരം: കുടിശിക തുക ലഭിക്കാത്തതിനാൽ സർക്കാരിന്റെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നടക്കുന്ന ടെൻഡറുകൾ ബഹിഷ്‌കരിക്കുമെന്ന് ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, ഇറിഗേഷൻ വിഭാഗങ്ങളിലെ വിവിധ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കരാറുകാർക്ക് 4000 കോടി രൂപയാണ് ലഭിക്കാനുള്ളത്. തദ്ദേശ വകുപ്പിൽ നിന്ന് മാത്രം കഴിഞ്ഞ എട്ട് മാസമായി 1300 കോടി രൂപ ലഭിക്കാനുണ്ട്. ഇതിന് പുറമേ ഒരുകോടി രൂപയിൽ താഴെയുള്ള വർക്കുകൾക്ക് പൊതുമരാമത്ത് വകുപ്പ് ടാർ നേരിട്ട് വാങ്ങി നൽകിയിരുന്നത് നിറുത്തലാകുകയും ലൈസൻസ് പുതുക്കി നൽകുന്നതിൽ പുതിയ വ്യവസ്ഥകൾ കൊണ്ടുവരികയും ചെയ്തു.
ഇതിനെതിരെ മുഴുവൻ മന്ത്രിമാർക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ടെൻഡറുകൾ ബഹിഷ്‌കരിക്കാനും ഫെബ്രുവരി അഞ്ചിന് നിയമസഭയിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ ജി. തൃദീപ്, ജില്ലാ സെക്രട്ടറി ജി. സോമശേഖരൻ നായർ, വർക്കിംഗ് പ്രസിഡന്റ് എ. മനാഫ്, ട്രഷറർ എ. താജുദ്ദീൻ എന്നിവർ പങ്കെടുത്തു.