പൂവാർ: കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ പ്രവർത്തനം പ്രസിഡന്റ് ബെൻസി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡൺസ്റ്റൻ.സി.സാബു അദ്ധ്യക്ഷനായി. 2020 - 21 വാർഷിക പദ്ധതിയുടെ കരട് പദ്ധതി നിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനായി ചേർന്ന വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗത്തിൽ വച്ചാണ് ഉദ്ഘാടനം നടന്നത്. ഓരോ വീടുകളിൽ നിന്ന് 20 രൂപയും കടകളിൽ നിന്ന് 50 രൂപയും ഈടാക്കി വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ ഹരിത കർമ്മസേന അംഗങ്ങൾക്കും യൂണിഫോം, തിരിച്ചറിയൽ കാർഡ് തുടങ്ങിയവ വിതരണം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ടീച്ചർമാർ, ഹരിത കർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.