തിരുവനന്തപുരം: നിയമസഭാ നടപടികളിൽ സ്‌പീക്കറും എം.എൽ.എമാരും തമ്മിൽ ഇനി ഒറ്റ ക്ലിക്കിന്റെ അകലം മാത്രം. ഗവർണറുടെ നയപ്രഖ്യാപനത്തോടെ 30ന് തുടങ്ങുന്ന സമ്മേളനത്തിൽ എം.എൽ.എമാരും ഏതാണ്ട് 'ഡിജിറ്റലാകും". കടലാസ് രഹിത നിയമസഭ സംവിധാനത്തിന്റെ ആദ്യ പരീക്ഷണ വേദി കൂടിയാണിത്.
വർഷാവർഷം സമ്മേളനത്തിന് 50 കോടി വീതം ചെലവാക്കുന്നത് ഇ-സഭയിലൂടെ ലാഭിക്കാം എന്നാണ് അധികൃതർ പറയുന്നത്. അംഗങ്ങൾക്ക് ഹാജർബുക്കിൽ ഒപ്പിടുന്നതിലും മാറ്റം വരുത്തുന്നത് ആലോചനയിലാണെന്ന് സഭാവൃത്തങ്ങൾ അറിയിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് ഇ-സഭ പ്രവർത്തികളുടെ കരാർ. 53 കോടിയാണ് ആകെ പദ്ധതിച്ചെലവായി കണക്കാക്കുന്നത്.
പ്രവർത്തനം ഇങ്ങനെ
ചോദ്യോത്തരം, ഉപക്ഷേപങ്ങൾ, ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങൾ എന്നിവയ്‌ക്ക് നോട്ടീസ് എഴുതി നൽകുന്നതിന് പകരം ഓൺലൈനിലൂടെ അറിയിക്കാം. സ്‌പീക്കറോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കുറിപ്പിന് പകരം മുന്നിലുള്ള കമ്പ്യൂട്ടറിൽ ക്ലിക്ക് ചെയ്യണം. ഇതിനായി അംഗങ്ങളുടെ ഇരുപ്പിടത്തിൽ കമ്പ്യൂട്ടർ സ്ക്രീനും കീബോർഡും സജ്ജമാക്കും. സഭയിലെത്തിയാലുടൻ ടച്ച് സ്ക്രീനിൽ ലോഗിൻ ചെയ്യുന്നതിന് ഓരോരുത്തർക്കും യൂസർനെയിമും പാസ്‌വേഡും ലഭിക്കും. അച്ചടിച്ച രൂപത്തിലുള്ള എല്ലാ സഭാരേഖകളുടെയും കമ്പ്യൂട്ടർ രൂപങ്ങളും തയ്യാറാക്കുന്നുണ്ട്. എം.എൽ.എ ഹോസ്റ്റലിൽ ഓരോ എം.എൽ.എക്കും ഡസ്‌ക് ടോപ്പ് കമ്പ്യൂട്ടർ അനുവദിച്ചിട്ടുണ്ട്. ഒപ്പം ഇ-നിയമസഭ എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കുന്നുണ്ട്. പരീക്ഷണ സമ്മേളനമായതിനാൽ ഇത്തവണ അച്ചടിച്ച രേഖകളും ലഭ്യമാക്കും. എന്നാൽ മാർച്ചിലെ സമ്പൂർണ ബഡ്ജറ്റ് സമ്മേളനം പൂർണമായും ഡിജിറ്റലാകും. മാദ്ധ്യമപ്രവർത്തകർക്കും സ്ക്രീൻ സംവിധാനം സജ്ജമാക്കുന്നതിനെ കുറിച്ചും ചർച്ച നടക്കുന്നുണ്ട്. സഭയിൽ തിങ്കളാഴ്ച മാദ്ധ്യമപ്രവർത്തകരുടെ യോഗവും വിളിച്ചിട്ടുണ്ട്.