നെടുമങ്ങാട്: കടമ്പകൾ കടന്ന് മലയോര നിവാസികളുടെ സ്വപ്നപദ്ധതി വഴയില - പഴകുറ്റി നാലുവരിപ്പാത നിർമ്മാണ ഘട്ടത്തിലേക്ക് കടന്നു. കല്ലിടൽ കർമ്മം മന്ത്രി ജി. സുധാകരൻ 29ന് കരകുളം ഏണിക്കരയിൽ നിർവഹിക്കും. ബഡ്ജറ്റ് പ്രഖ്യാപനം വന്ന് മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പദ്ധതി ലക്ഷ്യം കണ്ടത്. ഇടയ്ക്ക്, നാഷണൽ ഹൈവേ അതോറിട്ടി റോഡ് ഏറ്റെടുക്കുന്നതായി നടത്തിയ വെളിപ്പെടുത്തലിൽ നാലുവരിപ്പാത തകിടം മറിയുമെന്ന് ആശങ്ക പരന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെയും സി. ദിവാകരൻ എം.എൽ.എയുടെയും ഇടപപെടലുകൾ തുണയായി. പദ്ധതി കിഫ്ബി മരവിപ്പിച്ചെങ്കിലും മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേർത്ത് റോഡ് നാഷണൽ ഹൈവേ ആക്കുന്നതിന്റെ പൂർണ റിപ്പോർട്ട് ഹാജരാക്കാൻ പി.ഡബ്ല്യുയു.ഡി സെക്രട്ടറിയോട് നിർദേശിച്ചു. എൻ.എച്ച് പദ്ധതി ഉടൻ നടപ്പിലാവുന്ന ഒന്നല്ല എന്നും നാലുവരിപ്പാത നിർമ്മാണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് നെടുമങ്ങാട്ട് ജനകീയ കൂട്ടായ്മകളും പ്രതിഷേധ യോഗങ്ങളും അരങ്ങേറി. നാലുവരിപ്പാതയുടെ ആവശ്യകത ഉയർത്തിക്കാട്ടി റവന്യുടവറിൽ കേരളകൗമുദി ഒരുക്കിയ ജനകീയ സംവാദം ഏറെ ശ്രദ്ധേയമായിരുന്നു. ഉന്നതതല ചർച്ചകൾക്കൊടുവിൽ നാഷണൽ ഹൈവേ പദ്ധതി ഉടൻ നടപ്പിലാക്കാൻ കഴിയില്ലെന്ന അറിയിപ്പാണ് എൻ.എച്ച് അതോറിട്ടിയിൽ നിന്ന് സംസ്ഥാന സർക്കാരിന് ലഭിച്ചത്. ഇതോടെയാണ് നാലുവരിപ്പാത വീണ്ടും കിഫ്ബിയുടെ പരിഗണനയിൽ വന്നത്. കഴിഞ്ഞ ദിവസം വഴയിലയിൽ നിന്ന് മാർക്കിംഗ് ആരംഭിച്ചു.
2016-ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് വഴയില - പഴകുറ്റി നാലുവരിപ്പാത. പ്ലാൻ ഫണ്ടിൽ നിന്ന് 50 കോടി രൂപ ബഡ്ജറ്റിൽ അന്ന് ഉൾപ്പെടുത്തിയിരുന്നു. പത്ത് കോടിക്ക് മുകളിൽ വരുന്ന പദ്ധതികളെല്ലാം കിഫ്ബി മുഖേന ഫണ്ട് നീക്കം ചെയ്യണമെന്ന പൊതുതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നാലുവരിപ്പാത കിഫ്‌ബി പദ്ധതിയായി മാറിയത്. ഗതാഗത യോഗ്യത, മണ്ണ് പരിശോധന തുടങ്ങി വിശദമായ ഇൻവെസ്റ്റിഗേഷനു ശേഷം നിലവിലെ ട്രാഫിക് അടിസ്ഥാനപ്പെടുത്തി റോഡിന് 24 മീറ്റർ വീതി വേണമെന്ന് നിശ്ചയിച്ചു. സ്ഥലമേറ്റെടുക്കൽ, നാശനഷ്ടം നേരിടുന്ന കെട്ടിടങ്ങളുടെ വില, നിർമ്മാണച്ചെലവ് എന്നിങ്ങനെ 400 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബിയിലേയ്ക്ക് സമർപ്പിച്ചത്. എന്നാൽ, കിഫ്ബിയുടെ ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാഗം റോഡിന്റെ ടാറിംഗ് വീതി കുറയ്ക്കാതെ, സെന്റർ മീഡിയത്തിന്റെയും ഫുട്പാത്തിന്റെ വീതി കുറച്ചു കൊണ്ട് 21 മീറ്റർ മതിയാവുമെന്ന് കണ്ടെത്തി. ഇതനുസരിച്ച് 340 കോടി രൂപയുടെ പദ്ധതിയായി നാലുവരിപ്പാതയെ പുനർസമർപ്പിക്കുകയായിരുന്നു. 59. 22 കോടി രൂപ ഭൂമി വിലയായും 87.82 കോടി രൂപ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടും ബാക്കി നിർമ്മാണ തുകയായുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മലയോര ഹൈവേ കഴിഞ്ഞാൽ ഏറ്റവും വലിയ തുക വിനിയോഗിച്ച് നിർമ്മിക്കുന്ന റോഡ് നിർമ്മാണമാണ് വഴയില-പഴകുറ്റി നാലുവരിപ്പാത. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 59. 22 കോടി രൂപ ഇതിനകം സർക്കാർ അനുവദിച്ചിട്ടുണ്ട്.