വെള്ളറട: പ്ളസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പത്തൊമ്പതുകാരനും അച്ഛനും ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി. വെള്ളറട പൂവൻകുഴി കോളനിയിൽ അജിത്ത്, ഇയാളുടെ പിതാവ് അശോകൻ (45), അമ്പൂരി തട്ടാൻമുക്ക് അച്ചു ഭവനിൽ ഷിജു (34) എന്നിവരാണ് പിടിയിലായത്. വെള്ളറട സ്വദേശിയായ പെൺകുട്ടി കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്കെന്നു പറഞ്ഞ് പോയിട്ട് തിരികെ വരാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ അജിത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് കണ്ടെത്തി. വെള്ളറട പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് എസ്.ഐ സതീഷ് ശേഖർ, എ.എസ്.ഐ ശശികുമാർ, എച്ച്.എസ്.സി അജിത്ത് കുമാർ, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വ്യാപകമായി നടത്തിയ തെരച്ചിലിനൊടുവിൽ അശോകന്റെ സുഹൃത്ത് ഷിജുവിന്റെ തട്ടാൻമുക്കിലുള്ള ബന്ധുവീട്ടിൽ നിന്നും ഇന്നലെ പുലർച്ചെ അഞ്ചോടെ പെൺകുട്ടിയെയും യുവാവിനെയും പിടികൂടുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പിതാവിന്റെയും സുഹൃത്തിന്റെയും പങ്ക് കണ്ടെത്തിയത്. പിടിയിലായ മൂന്നുപേരെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. മെഡിക്കൽ പരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു.