തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യ ഘട്ടം നിർമ്മാണം പൂർത്തിയാക്കി ആറ് മാസത്തിനകം കമ്മിഷൻ ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് തുറമുഖ മേഖല സന്ദർശിച്ച നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി അദാനി കമ്പനിയോട് ആവശ്യപ്പെട്ടു.തുറമുഖ നിർമ്മാണത്തിൽ പുരോഗതിയില്ലെന്നും, ഇക്കാര്യത്തിൽ അഴിമതിയുണ്ടെന്നുമുള്ള പരാതികളെത്തുടർന്നാണ് സി.ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷനായ സമിതി ഇന്നലെ സന്ദർശനത്തിനെത്തിയത് .നിർമ്മാണം ഇഴയുന്നതായി സമിതി കണ്ടെത്തി.
ബ്രേക്ക് വാട്ടർ പദ്ധതിയുടെ 20 ശതമാനം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും, പാറ ലഭിക്കാത്തതാണ് തടസമെന്നും കമ്പനി അധികൃതർ വിശദീകരിച്ചു. പാറ ലഭ്യമാക്കാൻ വേണ്ട സഹായം സർക്കാർ ചെയ്യണം. 14 ക്വാറികളിൽ നിന്ന് പാറ ലഭിക്കാൻ സർക്കാരിന് അപേക്ഷ നൽകിയിരുന്നെങ്കിലും ഒരിടത്ത് മാത്രമാണ് ലൈസൻസ് ലഭിച്ചത്. തമിഴ്നാട്ടിൽ നിന്ന് പാറ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങൾ തടയുന്നു. രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ഇക്കാര്യത്തിൽ ഇടപെണമെന്നും കമ്പനി അധികൃതർ അഭ്യർത്ഥിച്ചു.
തുറമുഖ നിർമ്മാണത്തിന് ആവശ്യമായ ഭൂരിഭാഗം കാര്യങ്ങളും സർക്കാർ ചെയ്തിട്ടുണ്ടെന്നും, പദ്ധതിയുടെ എഴുപത് ശതമാനത്തിലേറെ തുക നല്കിയത് സംസ്ഥാന സർക്കാരാണെന്നും ശേഷിക്കുന്നതു മാതമേ അദാനി പോർട്ട്സ് കമ്പനി ചെലവഴിക്കുന്നുള്ളൂവെന്നും സമിതി ചെയർമാൻ സി. ദിവാകരൻ പറഞ്ഞു. വിഷയം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതലയോഗം വിളിക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണ പുരോഗതിയും പരാതികളും സംബന്ധിച്ച് കമ്പനി അധികൃതരിൽ നിന്ന് സമിതി വിവരങ്ങൾ ശേഖരിച്ചു. സമിതി അംഗങ്ങളായ എം.വിൻസെന്റ്, സണ്ണി ജോസഫ്, എസ് രാജേന്ദ്രൻ, എം.ഉമ്മർ എന്നിവരും സംബന്ധിച്ചു.