p

കടയ്ക്കാവൂർ: കവലയൂർ പാർത്തുകോണം ക്ഷേത്രത്തിനു സമീപം പ്രവാസിയായ അശോകന്റെ വീട്ടിൽ നിന്നു മോഷണം പോയ 40 പവനിലധികം സ്വർണാഭരണങ്ങൾ പ്രതിയുടെ ബന്ധുവിന്റെ കുഴിമാടത്തിൽ നിന്ന് കണ്ടെത്തി. കേസിലെ പ്രധാന പ്രതി രതീഷ് എന്ന കണ്ണപ്പൻ രതീഷിന്റെ കവലയൂരുള്ള ഭാര്യാ പിതാവിനെ അടക്കം ചെയ്ത സ്ഥലത്ത് നിന്നാണ് മോഷണമുതൽ കണ്ടെത്തിയത്. കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നു കിട്ടിയ വിവരപ്രകാരം നടത്തിയ പരിശോധനയിലാണ് മണ്ണിളകി കിടന്ന കുഴിമാടത്തിൽ നിന്ന് സ്വർണാഭരണങ്ങൾ കണ്ടെടുത്തത്. കിളിമാനൂരിലെ ബാർ ഹോട്ടലിലെ സെക്യൂരിറ്റികാരന്റെ കൊലപാതകവും കടയ്ക്കലിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു 500 പവനിലധികം സ്വർണാഭരണങ്ങൾ മോഷ്ടിച്ചതും കഞ്ചാവ് കച്ചവടവും ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് രതീഷ്. കഴിഞ്ഞ വർഷം വെഞ്ഞാറമൂട് തേമ്പാമൂട് സ്വദേശിയുടെ വീട്ടിൽ മോഷണം നടത്തിയ ഇയാളെ ഗോവയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിയിലായാലും പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പ്രതി മോഷണമുതലുകളിൽ അവ്യക്തത പുലർത്തിയിരുന്നു. അതിനെ കടത്തിവെട്ടുന്ന നീക്കത്തിലൂടെയാണ് കടയ്ക്കാവൂർ പൊലീസ് പ്രതിയിൽ നിന്നു മോഷണമുതലുകൾ മുഴുവൻ കണ്ടെടുത്തത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി പി.എ. ബേബിയുടെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ പൊലീസ് ഇൻസ്പെക്ടർ എസ്.എം. റിയാസ്, സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ, ഗ്രേഡ് എസ്.ഐ വിജയകുമാർ, എ.എസ്.ഐ ദിലീപ്, മഹേഷ് എന്നിവർ ചേർന്നാണ് തെളിവെടുപ്പ് നടത്തി മോഷണമുതൽ വീണ്ടെടുത്തത്.