ആറ്റിങ്ങൽ: നാലു നൂറ്റാണ്ടായി മുറതെറ്റാതെ നടക്കുന്ന തിരുവാറാട്ടു കാവിലെ അരിയിട്ടു വാഴ്ച ചടങ്ങുകൾ തിരുവിതാംകൂർ രാജവംശത്തിലെ ഇപ്പോഴത്തെ രാജ സ്ഥാനീയൻ മൂലം തിരുനാൾ രാമവർമ്മയുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായി നടന്നു. തിരുവിതാംകൂറിന്റെ പരദേവതാസ്ഥാനമായ തിരുവാറാട്ടു കാവിൽ ഇന്നലെ വൈകിട്ടോടെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ അകമ്പടിയോടെ, തീവെട്ടിയുടെ വെളിച്ചത്തിൽ രാജകുടുംബാംഗങ്ങൾ ക്ഷേത്രം വലംവച്ച ശേഷം അമ്പലക്കെട്ടിലേക്ക് പ്രവേശിച്ചു. ശ്രീഭൂത ബലികഴിഞ്ഞ് ദേവിയുടെ വാൾ ക്ഷേത്രത്തിനകത്ത് വരച്ച കളത്തിലേക്ക് എഴുന്നള്ളിച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു. സ്വർണംകെട്ടിയ ശംഖിൽ നിറച്ച പുത്തരി ക്ഷേത്ര ശാന്തി രാജകുടുംബാംഗത്തിന് കൈമാറി. അദ്ദേഹം അത് കളത്തിൽ പൂജിച്ച് പൂജാരിക്ക് നൽകി ദേവിക്ക് അഭിഷേകം നടത്തി. അഭിഷേകം ചെയ്യുന്ന പുത്തരി നുറുങ്ങുമെന്നും അത് രാജ്യത്തിന് അഭിവൃദ്ധി നൽകുമെന്നുമാണ് സങ്കല്പം. കളമെഴുത്തും പാട്ടും നടത്തി പരിശുദ്ധമാക്കിയ പുരയിൽ ദേവീ പീഠത്തിൽ തണ്ടുല പൂജ നടത്തി, ദേവിക്ക് ആടിയ അരി പ്രസാദമായി രാജകുടുംബാംഗങ്ങൾക്ക് നൽകി. കളത്തിലരി ദേവിയുടെയും രാജകുടുംബാംഗത്തിന്റെയും ശിരസിൽ അഭിഷേകം ചെയ്തു. വരുംവർഷത്തെ സമ്പൽ സമൃദ്ധിയാണ് കളത്തിലരിയിൽ തെളിയുന്നതെന്നാണ് സങ്കല്പം. ഇന്ന് നടക്കുന്ന ചന്ദ്രവിളക്ക്, വലിയവിളക്ക് എന്നിവയോടെ അരിയിട്ടുവാഴ്ച സമാപിക്കും. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനും ആറ്റിങ്ങലിലെ അരിയിട്ടു വാഴ്ചയ്ക്കുമാണ് രാജാവ് ഉടവാളേന്തി എത്തുന്നത്. രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി ഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി, പൂരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മ, അവിട്ടം തിരുനാൾ ആദിത്യ വർമ്മ, അശ്വതി തിരുനാൾ രാമവർമ്മ, ഗിരിജ വർമ്മ, രശ്മിഭായി, ദേവസ്വം ബോർഡ് കമ്മിഷണർ ബി.എസ്. തിരുമേനി,​ ഡെപ്യൂട്ടി കമ്മിഷണർ യതീന്ദ്രനാഥ്,​ സെക്രട്ടറി ഗായത്രിദേവി,​ വർക്കല ഗ്രൂപ്പ് കമ്മിഷണർ ജസി എന്നിവർ പങ്കെടുത്തു.