ആലപ്പുഴ :ആട്ടോറിക്ഷയിൽ തട്ടി ലോറിക്കടിയിലേക്കുവീണ ബൈക്കിന് പിന്നിലിരുന്ന പ്ളസ് ടു വിദ്യാർത്ഥി മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ഗുരുതര പരിക്കേറ്റു. അപകടത്തെ തുടർന്ന് സൈക്കിളിലിടിച്ച് ആട്ടോറിക്ഷയും മറിഞ്ഞു. ആട്ടോയിലെ യാത്രക്കാരിക്കും സൈക്കിൾ യാത്രക്കാരനും പരിക്കേറ്റു.
എസ്.ഡി.വി ബോയ്സ് എച്ച്.എസ്.എസിലെ കൊമേഴ്സ് ബാച്ച് വിദ്യാർത്ഥി,അവലൂക്കുന്ന് തെക്കേ തയ്യിൽ കനകദാസിന്റെ മകൻ കിരൺ ദാസാണ് (17) മരിച്ചത്. പറവൂർ കണ്ടംപറമ്പിൽ വിനോദിന്റെ മകൻ കിരണിനാണ് (20) പരിക്കേറ്റത്.
നഗരത്തിൽ ഗവ.ഗേൾസ് എച്ച്.എസ്.എസിനു സമീപമായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്കിൽ, ആട്ടോറിക്ഷ തട്ടി. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാർ രണ്ടുപേരും എതിരെവന്ന ലോറിക്കടിയിലേക്ക് തലയടിച്ച് വീണു.ഇരുവരും ഹെൽമറ്റ് ധരിച്ചിട്ടില്ലായിരുന്നു. തല പിളർന്ന കിരൺദാസ് സംഭവസ്ഥലത്ത് മരിച്ചു. ഷൈജയാണ് കിരൺ ദാസിന്റെ മാതാവ്. സഹോദരങ്ങൾ: കാളിദാസ്,കൃഷ്ണദാസ്.