ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ട്വന്റി 20 ഇന്ന് ഓക്ലൻഡിൽ
ടി.വി. ലൈവ് ഉച്ചയ്ക്ക് 12. 20 മുതൽ സ്റ്റാർ സ്പോർട്സിൽ
ഓക്ലൻഡ് : സ്വന്തം നാട്ടിൽ ആസ്ട്രേലിയയെ ഏകദിന പരമ്പരയിൽ കീഴടക്കിയതിന്റെ അഞ്ചാം പക്കം ന്യൂസിലൻഡിനെ അവരുടെ മണ്ണിൽ ട്വന്റി 20 പരമ്പരയിൽ നേരിടാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇറങ്ങുന്നു. ഇന്ന് ഓക്ലൻഡിലാണ് ഇന്ത്യയും കിവീസും തമ്മിലുള്ള അഞ്ച് ട്വന്റി 20കളുടെ പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.20നാണ് കളി തുടങ്ങുന്നത്.
ഈ വർഷത്തെ ട്വന്റി 20 ലോകകപ്പ് മുൻനിറുത്തിയുള്ള ടീമൊരുക്കമാണ് ഇരു രാജ്യങ്ങൾക്കും ഈ പരമ്പര. ലോകകപ്പ് വേദിയായ ആസ്ട്രേലിയയ്ക്ക് സമാനമായ
സ്വിംഗ് ബൗളിംങ്ങിനെ
തുണയ്ക്കുന്ന പിച്ചുകൾ ഉള്ളതാണ് ഇന്ത്യയ്ക്ക് ഈ പര്യടനം കൊണ്ടുള്ള പരിശീലന ഗുണം. സ്വന്തം നാട്ടിൽ ബംഗ്ളാദേശ്, വിൻഡീസ്, ശ്രീലങ്ക തുടങ്ങിയ കുഞ്ഞൻ ടീമുകൾക്കെതിരെ ഗംഭീര പ്രകടനം കാഴ്ച വയ്ക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് വിദേശ മണ്ണിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കൽ കൂടിയാകും ഈ പരമ്പര.
മറ്റ് പര്യടനങ്ങൾപോലെ ദിവസങ്ങൾക്ക് മുമ്പേ എത്താനും സന്നാഹ മത്സരങ്ങൾ കളിക്കാനും ഇന്ത്യയ്ക്ക് ഇത്തവണ കഴിഞ്ഞില്ല. ചൊവ്വാഴ്ചയാണ് ടീം ഓക്ലൻഡിൽ എത്തിയത്. ബുധനാഴ്ച യാത്രാക്ഷീണം തീർക്കാനുള്ള വിശ്രമം. വ്യാഴാഴ്ച നെറ്റ്സ് പരിശീലനം. വെള്ളിയാഴ്ച ആദ്യ മത്സരം. ഈ തിടുക്കപ്പെട്ട ഷെഡ്യൂളിൽ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്ലി പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പരിക്കിന്റെ പരമ്പര
ഇരു ടീമുകൾക്കും ഈ പരമ്പരയിൽ പരിക്ക് വില്ലനായി മാറിയിട്ടുണ്ട്. ഷോർട്ട് ഫോർമാറ്റുകളിലെ സ്പെഷ്യലിസ്റ്റുകളായ ശിഖർധവാൻ, ഹാർദിക് പാണ്ഡ്യ, ദീപക് ചഹർ, ഭുവനേശ്വർ കുമാർ എന്നിവർ ഈ പരമ്പരയിൽ ഇന്ത്യൻ ടീമിലില്ല.
മികച്ച പേസർമാരായ ട്രെന്റ് ബൗൾട്ട്, ലോക്കീ ഫെർഗൂസൺ, മാറ്റ് ഹെൻട്രി എന്നിവരുടെ അഭാവമാണ് ആതിഥേയരെ അലട്ടുന്നത്.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : വിരാട് കൊഹ്ലി (ക്യാപ്ടൻ), രോഹിത് ശർമ്മ, കെ.എൽ. രാഹുൽ, മനീഷ് പാണ്ഡെ, സഞ്ജു സാംസൺ, ഷഭ്പന്ത്, ശ്രേയസ് അയ്യർ, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ശാർദ്ദൂൽ താക്കൂർ, നവ്ദീപ് സെയ്നി, വാഷിംഗ്ടൺ സുന്ദർ.
കിവീസ് കേൻ വില്യംസൺ (ക്യാപ്ടൻ), മാർട്ടിൻ ഗപ്ടിൽ, റോസ് ടെയ്ലർ, സ്കോട്ട് ക്രൂഗലിൻ, കോളിൻ മൺറോ, കോളിൻ ഡി ഗ്രാൻഡ് ഹോം, ടോംബ്രൂസ്, ഡാമിൽ മിച്ചേൽ, മിച്ചൽ സാന്റ്നർ, ടിം സീഫർട്ട്, ഹാമിഷ് ബെന്നറ്റ്, ഇഷ്സോധി, ടിം സൗത്തി, ബ്ളെയർ തിക്ക്നർ.
സഞ്ജു കളിക്കുമോ?
തുടർച്ചയായ നാലാം ട്വന്റി 20 പരമ്പരയിലും പകരക്കാരന്റെ കുപ്പായത്തിൽ ടീമിലേക്ക് എത്തിയ സഞ്ജു സാംസണ് ഈ അഞ്ച് മത്സര പരമ്പരയിൽ ആവശ്യത്തിന് അവസരങ്ങൾ നൽകാൻ കൊഹ്ലി തയ്യാറാകുമോ എന്നാണ് മലയാളി ആരാധകർക്ക് അറിയേണ്ടത്. ഓപ്പൺ ശിഖർ ധവാന്റെ പരിക്കാണ് സഞ്ജുവിന് ടീമിലേക്ക് വഴിതുറന്നതെങ്കിലും മധ്യനിരയിലും വിക്കറ്റ് കീപ്പറായുമൊക്കെ സഞ്ജുവിനെ പരീക്ഷിക്കാനുള്ള സാധ്യതയുണ്ട്.
രോഹിത് ശർമ്മയും കെ.എൽ. രാഹുലുമാകും ഓപ്പണർമാരായി ഉണ്ടാവുക. ആസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ നേരിയ പരിക്ക് അനുഭവപ്പെട്ടിരുന്ന രോഹിതിനെ എല്ലാ മത്സരങ്ങളിലും കളിപ്പിച്ചില്ലെങ്കിൽ ഓപ്പണർ റോൾ സഞ്ജുവിനെ തേടിയെത്തും. റിഷഭ്പന്തിന് പരിക്കേറ്റതിനാൽ ഓസിസിനെതിരായ പരമ്പരയിലെ രണ്ട് ഏകദിനത്തിൽ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയ പരീക്ഷണം ഇന്ത്യ തുടരാൻ ഇടയില്ല. പരിക്കിൽ നിന്ന് ഋഷഭ് പൂർണമായും മുക്തനാകും വരെ പുറത്ത് നിറുത്താൻ തീരുമാനിച്ചാലും സഞ്ജുവിന് സാദ്ധ്യതയേറും.
ഇന്ത്യയുടെ യുവശക്തി
യുവതാരങ്ങളാണ് ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയുടെ ശക്തി വിരാട് കൊഹ്ലിക്കൊപ്പം മദ്ധ്യനിരയിൽ മികച്ച ഇന്നിംഗ്സുകൾ സൃഷ്ടിക്കാൻ ശ്രേതസ് കരുത്തനാണ്. മനീഷ് പാണ്ഡെ രാഹുൽ, ഋഷഭ്പന്ത് എന്നിവരിൽ ആരെങ്കിലും പ്ളേയിംഗ് ഇലവനിൽ ഉണ്ടാകുമന്ന് ഉറപ്പാണ്. ആൾറൗണ്ടർ പൊസിഷനിൽ പരിഗണിക്കാൻ ശിവം ദുബെയും വാഷിംഗ്ടൺ സുന്ദറുമുണ്ട്.
ബൗളിംഗിൽ പരിചയ സമ്പന്നരായ ഷമിക്കും ബുംറയ്ക്കുമൊപ്പം നവ്ദീപ് സെയ്നിയും ശാർദ്ദൂൽ താക്കൂറും പ്ളേയിംഗ് ഇലവനിലെ ചാൻസിനായി മത്സരിക്കും. സ്പിന്നർമാരായി കുൽദീപ്, ചഹൽ സഖ്യമാകും ഉണ്ടാകുക.
പരിചയ സമ്പന്നരായ കേൻ വില്യംസൺ, റോസ് ടെയിലർ, കോളിൻ മൺറോ, ഗ്രാൻഡ് ഹോം, ടിംസൗത്തി തുടങ്ങിയവരാണ് കിവീസിന്റെ കുന്തമുനകൾ.
കഴിഞ്ഞ വർഷത്തെ പര്യടനത്തിലെ മൂന്ന് ട്വന്റി 20കളുടെ പരമ്പര ഇന്ത്യ 1-2 ന് തോറ്റിരുന്നു.
കഴിഞ്ഞ വർഷം നിർഭാഗ്യംകൊണ്ട് ഏകദിന ലോകകപ്പ് നഷ്ടമായ കിവീസ് ശ്രീലങ്കൻ പര്യടനത്തിൽ 2-1ന് ട്വന്റി 20 പരമ്പര സ്വന്തമാക്കി.
തുടർന്ന് ഇംഗ്ളണ്ടിനോട് അഞ്ച് മത്സര പരമ്പരയിൽ 2-2ന് സമനിലയിൽ പിരിഞ്ഞു.
കഴിഞ്ഞമാസം ആസ്ട്രേലിയയ്ക്ക് എതിരെ ടെസ്റ്റ് പരമ്പരയിൽ 0-3ന് തോറ്റമ്പിയതിന്റെ ക്ഷീണത്തിലാണ് കിവീസ് ഇപ്പോൾ. ഈ തോൽവിയുടെ പേരിൽ കേൻവില്യംസിന്റെ ക്യാപ്ടൻസിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു.
വരും നാളുകളിൽ നേരെ ക്രിക്കറ്റ് ഗ്രൗണ്ടിൽ ലാൻഡ് ചെയ്യുകയും കളി തുടങ്ങുകയും ചെയ്യുന്നതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സമയത്തെക്കാൾ ഏഴ് മണിക്കൂർ മുന്നിലാണ് ന്യൂസിലൻഡിലെ സമയം. ഇതിനോട് പൊരുത്തപ്പെടാനുള്ള സാവകാശംപോലും ലഭിച്ചിട്ടില്ല.
വിരാട് കൊഹ്ലി
ഇന്ത്യൻ ക്യാപ്റ്റൻ
ടീമിന്റെ വിജയത്തിനു വേണ്ടി എന്ത് ചെയ്യാനും ഞാനൊരുക്കമാണ്. ആസ്ട്രേലിയയ്ക്കെതിരായ തോൽവിക്കുശേഷം എന്നെ നായക സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യമുയർന്നപ്പോൾ ഇതേ നിലപാടു തന്നെയാണ് ഞാൻ സ്വീകരിച്ചത്. ക്യാപ്ടനായിരിക്കുമ്പോൾ നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരും. അതിൽ ഭയപ്പെടുന്നില്ല.
കേൻ വില്യംസൺ,
ന്യൂസിലൻഡ് ക്യാപ്ടൻ