anoop

പാറശാല: ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിയെയും മാതാവിനെയും ഒരുസംഘം വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. പ്രൈവറ്റായി രണ്ടാംവർഷ ബികോം പഠിക്കുന്ന മെഡിക്കൽ കോളേജ് കലൈക്കോണം സ്വദേശി പേരൂർക്കട മണ്ണാമൂല വിവേകാനന്ദ നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അനൂപ്,​ മാതാവ് സുമ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. യൂണിവേഴ്‌സിറ്റി പരീക്ഷയെഴുതാനുള്ള സെന്റർ ധനുവച്ചപുരം കോളേജിലായിരുന്നു. ഉച്ചയ്‌ക്ക് 12.30ഓടെ കോളേജിലെത്തിയ അനൂപിനോട് സെക്യൂരിറ്റി ജീവനക്കാരൻ ഹാൾ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് ശ്രദ്ധയിൽപ്പെട്ട കോളേജിലെ ചില വിദ്യാർത്ഥികൾ അനൂപിനെ കോളേജിലെ ആളില്ലാത്ത സ്ഥലത്തെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിനുശേഷം അനൂപ് പരീക്ഷെയഴുതാൻ ഹാളിൽ പ്രവേശിച്ചെങ്കിലും വേദനകാരണം കഴിഞ്ഞില്ല. ഈ വിവരം അനൂപ് മാതാവിനെ അറിയിച്ചു. തുടർന്ന് വൈകിട്ട് 4.15ഓടെ കോളേജിലെത്തിയ മാതാവ് സുമ പ്രിൻസിപ്പലിന് പരാതി നൽകാൻ പോകുമ്പോൾ വിദ്യാർത്ഥികൾ ഇരുവരെയും മർദ്ദിക്കുകയായിരുന്നു. മകനെ മർദ്ദിച്ച വിദ്യാർത്ഥികളിൽ ഒരാളെ മാതാവ് മർദ്ദിച്ചെന്നും പരാതിയുണ്ട്. പാറശാല പൊലീസ് സ്ഥലത്തെത്തി ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനൂപിനെ മർദ്ദിച്ചതിന് കണ്ടാലറിയാവുന്ന 10ഓളം വിദ്യാർത്ഥികൾക്കെതിരെയും വിദ്യാർത്ഥിയെ മർദ്ദിച്ചതിന് മാതാവിനെതിരെയും പാറശാല പൊലീസ് കേസെടുത്തു.