തിരുവനന്തപുരം: രാജ്ഭവനിലെ ക്ലാസ് ഫോർ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശിയായ വിനോദ് രാജിനെ (32) കാണാനില്ലെന്നാണ് സഹോദരൻ മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. ചില മേലധികാരികൾ അമിതമായി ജോലി ചെയ്യിക്കുകയും പ്രതികാര നടപടികൾ സ്വീകരിക്കുകയും ചെയ്തതായി വിനോദ് പറഞ്ഞിട്ടുണ്ടെന്ന് സഹോദരന്റെ പരാതിയിലുണ്ട്. ചൊവ്വാഴ്ച രാജ്ഭവനിലെ കെയർടെക്കറും വിനോദും തമ്മിൽ ജോലി സംബന്ധിച്ച് തർക്കമുണ്ടാവുകയും ഇയാൾ പിണങ്ങിപ്പോവുകയും ചെയ്തു. ഇതിനുശേഷം വിനോദിന്റെ മൊബൈൽ സ്വിച്ച് ഓഫ് ആണ്. ഇയാളുടെ ബൈക്ക് ക്വാർട്ടേഴ്സിലുണ്ട്. രാജ്ഭവനിലും സമീപ പ്രദേശങ്ങളിലും പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും വിനോദിനെ കണ്ടെത്താനായില്ല. കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്ന വിനോദ് 2017ലാണ് ഡെപ്യൂട്ടേഷനിലൂടെ രാജ്ഭവനിൽ ലാസ്കർ ജോലിക്ക് എത്തിയത്. ജോലി ചെയ്യാൻ വയ്യെങ്കിൽ വിനോദിനോട് തിരിച്ച് കെ.എസ്.ഇ.ബിയിലേക്ക് പോകാൻ കെയർ ടേക്കർ തർക്കത്തിനിടെ പറഞ്ഞെന്നും പരാതിയിൽ ആരോപിക്കുന്നു. വിനോദിനെ കണ്ടെത്താൻ മ്യൂസിയം പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.