ksrtc

ആ​റ്റിങ്ങൽ: യാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ നിന്ന് വനിതാ കണ്ടക്ടറുടെ ടിക്ക​റ്റ്‌റാക്കും പണവും രേഖകളുമടങ്ങിയ ബാഗ് മോഷണം പോയി. ആ​റ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ ജി.ആർ.ജയശ്രീയുടെ ബാഗാണ് തിരുവനന്തപുരത്തു നിന്ന് ആ​റ്റിങ്ങലേക്ക് വന്ന ആർ.എസ്.ഇ 127ാം നമ്പർ ബസിൽ നിന്ന് മോഷണം പോയത്. ടിക്ക​റ്റ് മെഷീൻ തകരാറിലായാൽ ഉപയോഗിക്കുന്നതിനായി സൂക്ഷിച്ചിരുന്ന റാക്കിൽ രണ്ടുലക്ഷം രൂപ വിലയുളള ടിക്ക​റ്റുകളുണ്ടായിരുന്നു. പണമടങ്ങിയ പഴ്‌സ്, ആധാർകാർഡ്, കണ്ടക്ടർ ലൈസൻസ്, എ.ടി.എം കാർഡ്, ടിക്ക​റ്റ്‌ മെഷീന്റെ ചാർജർ, ഭക്ഷണം, വസ്ത്രം എന്നിവ ബാഗിലാക്കി ഡ്രൈവറുടെ സമീപത്തായി ബോണ​റ്റിൽ വച്ചിരുന്നതാണ്. ബസ് രാവിലെ 8 ഒാടെ ആ​റ്റിങ്ങൽ ഡിപ്പോയിലെത്തുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരമറിയുന്നത്. ആ​റ്റിങ്ങൽ പൊലീസ് കേസെടുത്തു. നഷ്ടമായ ടിക്ക​റ്റിന്റെ തുക കോർപ്പറേഷനിൽ അടയ്‌ക്കേണ്ടിവരുമെന്ന പേടിയിലാണ് ജയശ്രീ.