പരിക്ക് മൂലം സാനിയ മിർസ ആസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിനിടെ പിന്മാറി
നദാൽ ഡൊമിനിക് തീം ഹാലെപ്പ്, പ്ളസ്കോവ, കെർബർ, ബെൻസിച്ച് മൂന്നാം റൗണ്ടിൽ
മെൽബൺ : അമ്മയായ ശേഷം കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിലെ ആദ്യ ടൂർണമെന്റിൽ വനിതാഡബിൾസ് കിരീടം നേടിയിരുന്ന ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെ ആസ്ട്രേലിയൻ ഓപ്പൺ സ്വപ്നങ്ങൾക്ക് കണ്ണീരിൽ കുതിർന്ന പരിസമാപ്തി.
ഇന്നലെ ജൂനിയർ താരം നാദില കിച്ചകോക്കിനൊപ്പമുള്ള വനിതാ ഡബിൾസിലെ ആദ്യ റൗണ്ട് മത്സരത്തിനിടെ കാൽവണ്ണയിലെ പരിക്ക് അധികരിച്ചതിനെത്തുടർന്ന് പിന്മാറുകയായിരുന്നു സാനിയ. ചൈനീസ് സഖ്യമായ ഷിൻയ്യൻ ഹാൻ-ലിഷു സഖ്യത്തിനെതിരെ 2-6, 0-1 എന്ന സ്കോറിന് പിന്നിട്ടു നിൽക്കുമ്പോഴാണ് സാനിയ കളി തുടരാനാകാതെ പിന്മാറിയത്.
കഴിഞ്ഞയാഴ്ച നാദിലയ്ക്കൊപ്പം ഹൊബാർട്ട് ഇന്റർനാഷണലിൽ കിരീടം നേടിയിരുന്ന സാനിയയ്ക്ക് മെൽബണിൽ പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. കാൽവണ്ണയിൽ ബാൻഡേജ് ചുറ്റിയാണ് കളിക്കാനിറങ്ങിയത്. പരിക്ക് പ്രശ്നമാകുമെന്ന് കണ്ട് രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിൾസിൽ കളിക്കാനുള്ള തീരുമാനത്തിൽ നിന്ന് സാനിയ നേരത്തെ പിൻമാറിയിരുന്നു. അതിന് പിന്നാലെയാണ് ഡബിൾസിൽ നിന്നും മടങ്ങേണ്ടിവന്നത്.
രണ്ട് വർഷം മുമ്പാണ് പരിക്ക് മൂലം സാനിയ കളിക്കളത്തിൽ നിന്ന് മാറി നിന്നത്. തുടർന്ന് 2018 ഒക്ടോബറിൽ മകന് ജന്മം നൽകി. ആറ് മാസത്തോളം കഠിന പരിശീലനം നടത്തി ശാരീരിക ക്ഷമത വീണ്ടെടുത്ത ശേഷമാണ് പ്രൊഫഷണൽ ടെന്നിസിലേക്ക് തിരിച്ചുവന്നത്.
അതേസമയം, ഇന്നലെ നടന്ന സിംഗിൾസ് മത്സരങ്ങളിൽ മുൻനിര താരങ്ങളായ റാഫേൽ നദാൽ, കരോളിൻ പ്ളിസ്കോവ, ഗാർബീൻ മുഗുരുമ്പ, അലക്സിസ് സ്വെരേവ്, ഡൊമിനിക് തീം, സിമോണ ഹാലെപ്പ്, ബെലിൻഡ്ര ബെൻസിച്ച്, ഏൻജലിക് കെർബർ, സ്വാൻസിലാസ് വാവ്രിങ്ക തുടങ്ങിയവർ വിജയം നേടി മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു.
ടൂർണമെന്റിലെ ടോപ്സീഡായ റാഫേൽ നദാൽ അർജന്റീനിയൻ താരം ഡെൽബോണിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴ്പ്പെടുത്തിയാണ് മൂന്നാം റൗണ്ടിലെത്തിയത്. 6-3, 7-6 (7/4), 6-1 എന്ന സ്കോറിനായിരുന്നു നദാലിന്റെ വിജയം. രണ്ട് മണിക്കൂർ 30 മിനിട്ട് നീണ്ട പോരാട്ടത്തിന്റെ രണ്ടാം സെറ്റിൽ മാത്രമാണ് നദാലിന് അധികം വിയർപ്പൊഴുക്കേണ്ടി വന്നത്.
വനിതാ വിഭാഗത്തിൽ രണ്ടാം സീഡായ കരോളിൻ പ്ളിസ്കോവ രണ്ടാം റൗണ്ടിൽ 6-3, 6-3 എന്ന സ്കോറിന് ജർമ്മനിയുടെ ലോറ സീഗ് മൗണ്ടിനെ കീഴടക്കുകയായിരുന്നു.
നാലാം സീഡ് സിമോണ ഹാലെപ്പ് രണ്ടാം റൗണ്ടിൽ ബ്രിട്ടീഷ് ക്വാളിഫയർ ഹാരിയറ്റ് ഡാർട്ടിനെ 6-2, 6-4ന് കീഴടക്കി മൂന്നാം റൗണ്ടിലേക്കെത്തി. ആറാം സീഡ് ബെലിൻഡ രണ്ടാം റൗണ്ടിൽ ജെലന ഒസ്റ്റാപെങ്കോയെ തകർത്തത് 7-5, 7-5 എന്ന സ്കോറിനാണ്.
മുൻ ലോക ഒന്നാം നമ്പർ താരമായ ഏൻജലിക് കെർബർ ഇന്നലെ ബെൽഡ് കാർഡ് എൻട്രി നേടിയിരുന്ന പ്രിസില്ല ഹോണിനെ 6-3, 6-2ന് കീഴടക്കി. മൂന്നാം റൗണ്ടിലെത്തി. അഞ്ചാം സീഡ് ഏകതറിന സ്വിറ്റോളിന 6-2, 7-6ന് ലോറൻ ഡേവിഡിനെ കീഴടക്കി.
പുരുഷ സിംഗിൾസിൽ അഞ്ചാം സീഡ് ഡൊമിനിക് തീം അഞ്ചുസെറ്റ് പോരാട്ടത്തിൽ ആസ്ട്രേലിയൻ താരം അലക്സ് ബോൾട്ടിനെ മറികടന്ന് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. വൈൽഡ് കാർഡിലൂടെ എത്തിയ ബോൾട്ട് 2-6, 7-5, 7-6, 1-6, 2-6 എന്ന സ്കോറിനാണ് തീമിനെ വിറപ്പിച്ചത്. മൂന്ന് മണിക്കൂർ 22 മിനിട്ടാണ് മത്സരം നീണ്ടത്.
മറ്റൊരു ആസ്ട്രേലിയൻ താരം ഹിക്ക് കിർഗിയാക്കോസ് നാല് സെറ്റ് പോരാട്ടത്തിൽ ഫ്രഞ്ച് താരം ഗില്ലീസ് സൈമണിനെ കീഴടക്കി. ഫ്രഞ്ച് താരം ഗെയ്ൽ മോൺഫിൽസ് 4-6, 7-6, 6-4, 7-5ന് ഇവോ കാർലോവിച്ചിനെ കീഴടക്കി മൂന്നാം റൗണ്ടിലെത്തി.