തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവും സെൻസസും സംബന്ധിച്ച് പരസ്പരവിരുദ്ധവും അബദ്ധജടിലവുമായ പ്രസ്താവനകൾ വഴി സംസ്ഥാന സർക്കാർ സ്വയം പരിഹാസ്യരാവുകയാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു. നാളിതുവരെ കെട്ടിപ്പൊക്കിയ നുണക്കോട്ടകൾ ഓരോ ദിവസം കഴിയുന്തോറും തകരുകയും സത്യം വെളിച്ചത്ത് വരുകയുമാണ്. പൗരത്വ ഭേദഗതി നിയമം മൂലം ഒരു ഭാരതീയന് പോലും ദൂഷ്യമുണ്ടാവില്ലെന്ന് പറയാനുള്ള ആർജ്ജവം കാട്ടേണ്ടതിന് പകരം മുസ്ലിം സഹോദരന്മാരിൽ അനാവശ്യമായ ഭയാശങ്കകളുണ്ടാക്കി നാട്ടിൽ ശൈഥില്യമുണ്ടാക്കാനാണ് സി.പി.എമ്മും കോൺഗ്രസും ശ്രമിച്ചത്.
ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് നടത്തുന്ന പ്രചണ്ഡമായ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ സെൻസെസ് കണക്കെടുപ്പിന്റെ ചോദ്യാവലിയെക്കുറിച്ചും കേരള സർക്കാർ പച്ച നുണകൾ പറയുന്നത്. വ്യക്തിയുടെ ജനനത്തീയതിയും മാതാപിതാക്കളുടെ ജനനസ്ഥലവും സംബന്ധിച്ച് രണ്ട് ചോദ്യങ്ങൾക്ക് ആരും ഉത്തരം കൊടുക്കരുത് എന്നായിരുന്നു മന്ത്രിസഭയുടെ ആഹ്വാനം. ഇങ്ങനെ ഒരു പരാമർശം ചോദ്യാവലിയിൽ ഇല്ല എന്ന വസ്തുത മറച്ചുവച്ചും പ്രകോപനമുണ്ടാക്കിയും സെൻസസ് കണക്കെടുപ്പ് പരാജയപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. പച്ചക്കള്ളം പ്രചരിപ്പിക്കാനും ജനങ്ങളെ കബളിപ്പിക്കാനും ഖജനാവിലെ പണം ധൂർത്തടിക്കുന്ന സർക്കാർ മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്യുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.