02

ശ്രീകാര്യം: ജപ്‌തി നടപടിക്കെത്തിയ ബാങ്ക് അധികൃതരുടെ മുന്നിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി യുവതിയും രണ്ട് മക്കളും ഭർതൃപിതാവും. ഗൾഫിൽ ഡ്രൈവറായ ശ്രീകാര്യം ചെമ്പഴന്തി ശ്യാമളാലയത്തിൽ മനോജിന്റെ ഭാര്യ ശാലിനി (35), മക്കളായ കാശിനാഥ് (10), കൈലാസ് നാഥ് (10), ഭർതൃപിതാവ് ഗോപാലൻ (78) എന്നിവരാണ് പൊലീസിന്റെ സഹായത്തോടെ ബാങ്ക് അധികൃതർ എത്തിയപ്പോൾ, മുറിക്കുള്ളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഇതോടെ രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും സംഘടിച്ചെത്തി കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചു. തുടർന്ന് മാർച്ച് എട്ടിന് മുമ്പ് പണം അടച്ചു തീർക്കാൻ ബാങ്ക് അധികൃതർ അവധി നൽകി. എന്നാൽ ' ഇത് ബാങ്ക് പ്രോപ്പർട്ടിയാണെന്നും അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും' എന്നുമുള്ള ബാനർ കെട്ടിയശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷ്ണർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയിരുന്നു. സുഹൃത്തുക്കളുടെ ചതിക്കുഴിയിൽപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ബാദ്ധ്യതമൂലം നാലരവർഷമായി നാട്ടിൽ വരാൻ കഴിയാതെ മനോജ് മസ്‌കറ്റിൽ കുടുങ്ങിക്കിടക്കുമ്പോഴാണ് രോഗികളായ മാതാപിതാക്കളെയും ഭാര്യയെയും രണ്ട് മക്കളെയും തെരുവിലിറക്കാനുള്ള ബാങ്ക് അധികൃതരുടെ നടപടി. 2013ൽ ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്‌തിരുന്ന മനോജ് കേരളത്തിലെ സിനിമ ടി.വി താരത്തിന്റെ സഹോദരനെ പരിചയപ്പെടുകയും ഗൾഫിലേക്ക് പഴവർഗങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യാനുള്ള പങ്കുകച്ചവടം തുടങ്ങുന്നതിനായി തന്റെ പേരിലുള്ള ചെമ്പഴന്തിയിലെ വീടും എട്ടര സെന്റ് സ്ഥലവും കൈമാറി. വസ്തു കൈക്കലാക്കി ബാങ്കിൽ നിന്നു 48 ലക്ഷം രൂപ ലോണെടുത്തു. ഇതേക്കുറിച്ച് മനോജിന്റെ ഭാര്യ കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ മനോജ് ദുബായിൽ നിന്നു ഒമാനിലേക്ക് പോയി. അവിടെയെത്തിയ ടി.വി താരത്തിന്റെ സഹോദരനും ഭാര്യയും മനോജിന്റെ സ്‌പോൺസറായ അറബിയിൽ നിന്നു മനോജിന്റെ പാസ്‌പോർട്ട് പണയംവച്ച് 10 ലക്ഷം രൂപ വാങ്ങി. ഇതിനുശേഷം ഇരുവരും മുങ്ങിയതോടെ സ്‌പോൺസർ നൽകിയ കേസിൽ മനോജ് കുറേനാൾ ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നു. ഇപ്പോൾ ജയിൽ മോചിതനാണെങ്കിലും ബാദ്ധ്യത തീർക്കാതെ നാട്ടിലെത്താൻ കഴിയാത്ത അവസ്ഥയിലാണ് മനോജ്. ബാങ്കുകാർ പലവട്ടം ലോൺ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് മനോജിന്റെ ഭാര്യയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ജപ്‌തി നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.