തിരുവനന്തപുരം: ജനമൈത്രി ബീറ്റ് ഡ്യൂട്ടിക്ക്‌ പോകുന്ന ബീറ്റ് ഓഫീസർമാർ സ്റ്റേഷൻ പരിധിയിലെ ജനമൈത്രി വിവരശേഖരണത്തിനു പുറമേ കുറ്റവാളികളെക്കുറിച്ചുള്ള വിവരശേഖരണവും നിരീഷണവും നടത്തണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ നിർദേശം നൽകി. കമ്മിഷണർ ഓഫീസിൽ നടന്ന സിറ്റിയിലെ ജനമൈത്രി ബീറ്റ് ഓഫീസർമാരുടെ അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്റ്റേഷൻ പരിധിയിലെ കേഡി, ഡിസി, റൗഡി, ഗുണ്ടാ ആക്ട് പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്ത് ഇറങ്ങിയവർ എന്നിവരുടെ പ്രവർത്തനമാണ് ബീറ്റ് ഓഫീസർമാർ നിരീക്ഷിക്കേണ്ടത്. മോഷണക്കേസുകളിൽ ഉൾപ്പെട്ട ആളുകൾ, മയക്കുമരുന്ന് മാഫിയയിൽ ഉൾപ്പെട്ടവർ എന്നിങ്ങനെയുള്ളവരുടെ വിവരശേഖരണം നടത്തണം. അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും കൃത്യമായി എസ്.എച്ച്.ഒമാരെ അറിയിക്കുകയും വേണം. ജനമൈത്രി ഓഫീസർമാർ ഭവന സന്ദർശനം നടത്തുമ്പോൾ പുതുതായി ഏർപ്പെടുത്തിയ പൊലീസ് എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പരായ 112നെക്കുറിച്ച് വീട്ടുകാർക്ക്‌ ബോധവത്കരണം നൽകണമെന്നും നിർദ്ദേശിച്ചു.