കല്ലമ്പലം : അനർഹമായി കൈവശം വച്ചിരുന്ന 24 റേഷൻ കാർഡുകൾ വർക്കല താലൂക്കിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. നാവായിക്കുളം വെട്ടിയറ ഭാഗത്തുനിന്നാണ് കാർഡുകൾ പിടിച്ചെടുത്തത്. അനർഹമായി മുൻഗണന, എ.എ.വൈ. കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസർ രാജിവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കാർഡുടമകൾക്കെതിരേ ദേശീയ ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് നിയമനടപടികൾ സ്വീകരിക്കും. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ റഹ്മത്തുള്ള, റേഷനിംഗ് ഇൻസ്പെക്ടർമാരായ ജലീസ്, സുജ, ക്ലർക്കുമാരായ ഷീജ, ശ്രീപ്രിയ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. അനർഹമായി റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർ എത്രയും പെട്ടെന്ന് അവ പൊതുവിഭാഗത്തിലേക്കു മാറ്റണമെന്നും അല്ലാത്തവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.