1
നേപ്പാളിൽ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട അമ്മ ഇന്ദുലക്ഷ്മിയുടെ മൃതദേഹം നോക്കുന്ന മകൻ മാധവ്

തിരുവനന്തപുരം: രണ്ട് കുരുന്നുകൾ ഉറ്റവർക്ക് അന്ത്യകർമ്മങ്ങൾ അർപ്പിക്കുന്ന കാഴ്ചയിൽ നാടിന്റെ നെഞ്ചുലഞ്ഞ പകൽ അസ്തമിച്ചപ്പോൾ അവർ എട്ടു പേർ കണ്ണീരോർമ്മയായി. നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി പ്രവീണിനും കുടുംബത്തിനും, കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്തിനും ഭാര്യയ്ക്കും മകനും നാട് കണ്ണീരോടെ യാത്രാമൊഴി നൽകി.

തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് പ്രവീണിനെയും ശരണ്യയെയും അഗ്നി ജ്വാലകൾ ഏറ്റുവാങ്ങുമ്പോൾ,​ ഇരുവ‌ർക്കും നടുവിലായി മൂന്ന് കുരുന്നുകൾ മൂന്ന് കുഞ്ഞു പെട്ടികളിൽ അന്ത്യനിദ്ര‌യിലാണ്ടിരുന്നു. ശരണ്യയുടെ സഹോദരീപുത്രൻ രണ്ടര വയസുകാരൻ ആരവാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.

ഇന്നലെ രാവിലെ 10.15ന് വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ. പ്രവീണിന്റെ മക്കളായ ശ്രീഭദ്ര (8) ആർച്ച (6) അഭിനവ് (5) എന്നിവരുടെ ചേതനയറ്റ ശരീരങ്ങൾ മൂന്ന് കുഞ്ഞുപെട്ടികളിലാക്കി വലിയ കുഴിയിൽ ഇറക്കിവച്ചു. പരൽ ഉപ്പു വിതറി കുഴിമൂടി. മക്കൾക്ക് കാവൽ പോലെ ഇരുവശങ്ങളിലുമായി പ്രവീണിനും ശരണ്യയ്‌ക്കും ചിതയൊരുക്കി.

ദുരന്തത്തിനിരയായ കോഴിക്കോട് കുന്ദമംഗലം പുനത്തിൽ കുടുംബത്തിലെ രഞ്ജിത്ത്, ഭാര്യ ഇന്ദു, കുഞ്ഞുമകൻ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങളും ഇന്നലെ വൈകിട്ട് ആറ് മണിയോടെ അവിടെ സംസ്‌കരിച്ചു.

വീടിന്റെ തെക്കു ഭാഗത്തുള്ള പറമ്പിൽ രഞ്ജിത്തിനും ഇന്ദുവിനും ഒന്നിച്ച് ചിതയൊരുക്കി. ഇടത് ഭാഗത്താണ് മകനെ മറവ് ചെയ്തത്. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട മൂത്തമകൻ മാധവ് ആറ് വയസിന്റെ നിഷ്കളങ്കതയിൽ വിങ്ങിപ്പൊട്ടി നിന്നു. കുഞ്ഞു മാധവ് പ്രിയപ്പെട്ട അച്ഛനെയും അമ്മയേയും കുഞ്ഞനിയനെയും അവസാനമായി കാണാനെത്തിയപ്പോൾ തിങ്ങിനിറഞ്ഞ ആളുകളുടെ തേങ്ങലുകൾ അലമുറകളായി.

തിരുവനന്തപുരത്ത് ഇന്നലെ രാവിലെ 8.10 ഓടെയാണ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നിന്ന് പ്രവീണിന്റെയും ശരണ്യയുടെയും മൂന്ന് മക്കളുടെയും മൃതദേഹങ്ങൾ അഞ്ച് ആംബുലൻസുകളിൽ വിലാപയാത്രയായി ചേങ്കോട്ട്കോണത്തെ വീട്ടിലെത്തിച്ചത്. ആയിരക്കണക്കിനു നാട്ടുകാർ നെഞ്ചുപൊട്ടിയ കരച്ചിലുമായി അവർക്കു വിട നൽകി.