കടയ്ക്കാവൂർ: അഞ്ചുതെങ്ങ്, കടയ്ക്കാവൂർ പഞ്ചായത്തുകളുടെ പ്രാന്ത പ്രദേശങ്ങളിൽ ബുക്ക്ചെയ്ത പാചകവാതക സിലിണ്ടർ വീട്ടിലെത്തിക്കാൻ അധിക തുക ഈടാക്കുന്നതായി വ്യാപക പരാതി. സബ്സിഡി സിലിണ്ടറിന് എഴുന്നൂറ്റി പതിനഞ്ച് രൂപ എന്നിരിക്കെ പ്രദേശത്തെ ഉപഭോക്താക്കളിൽനിന്നും ഈടാക്കുന്നത് എഴുന്നൂറ്റിതൊണ്ണൂറ് രൂപ മുതൽ എണ്ണൂറ് രൂപ വരെയാണെന്ന് നാട്ടുകാർ പറയുന്നു.
ബിൽ തുകയിൽ നിന്നും എൺപത്തിയഞ്ച് രൂപ മുതൽ നൂറ് രൂപ വരെ അധികമായി ഈടാക്കുന്നുണ്ട് എന്നാണ് ഇവരുടെ പരാതി.‌ ഏജൻസിയിൽ നിന്നും അഞ്ചുകിലോമീറ്റർ ചുറ്റളവ് വരെ ഫ്രീസോൺ ആണ് എന്ന നിയമം നിലവിലിരിക്കെ പ്രദേശവാസികളുടെ അറിവില്ലായ്മ മുതലെടുത്താണ് ഇപ്പോൾ നിർബന്ധിത പണപ്പിരിവ് നടന്നുവരുന്നത്. പ്രതികരിച്ചാൽ തങ്ങളുടെ അടുത്ത പാചകവാതക സിലിണ്ടർ ഒരുപക്ഷെ ലഭ്യമാകുന്നത് വൈകുമോ എന്ന ആശങ്കയിൽ പലരും പരാതി പറയാൻ ധൈര്യം കാണിക്കാറില്ല. ഇത് മുതലെടുത്തു കൂടിയാണ് ഈ പകൽക്കൊള്ള തുടർന്നുപോകുന്നത്.

പാചകവാതകം ബുക്ക് ചെയ്ത ഗുണഭോക്താവിന്റെ വീട് സ്ഥിതിചെയ്യുന്ന അകലം കണക്കാക്കി നിലവിൽ ബില്ലിൽ തുക ചേർത്തിട്ടുണ്ട് എന്നതാണ് യഥാർത്ഥ വസ്തുത. ഇത് കൃത്യമായി മനസിലാക്കിത്തന്നെയാണ് അന്യമായ ഈ പണപ്പിരിവ് നടക്കുന്നത്. ഗുണഭോക്താവിന്‌ വീട്ടിൽ സിലിണ്ടർ എത്തിച്ചു നൽകാൻ വിതരണക്കാർ ബാദ്ധ്യസ്ഥരാണ്, മാത്രവുമല്ല വാതക ചോർച്ചയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾക്ക് കൂലി നൽകേണ്ടതില്ലെന്നുമാണ് പൊതു വിതരണ വകുപ്പിന്റെ നിർദ്ദേശം. ന്യായമായ തുകയ്ക്ക് പാചകവാതകം വീട്ടിൽ എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.