കേരളത്തിന്റെ തലവര മാറ്റാനുതകുന്ന വലിയ വികസന പദ്ധതികളിൽ ഒന്നെന്ന ഖ്യാതിയോടെയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി നടപ്പാക്കുന്നതിന് ഒട്ടേറെ കടമ്പകൾ കടക്കേണ്ടിവന്നു. ഒന്നിനു പുറമെ ഒന്നായി നൂറുനൂറു വിവാദങ്ങൾ പദ്ധതിയുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരുന്നു. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും പല നിഗൂഢശക്തികളും വിഴിഞ്ഞം തുറമുഖം വരാതിരിക്കാൻ ആവുന്ന പണിയൊക്കെ ചെയ്തു. ഒടുവിൽ ജനങ്ങളുടെ ആഗ്രഹത്തിനൊപ്പം സർക്കാർ നിശ്ചയദാർഢ്യത്തോടെ ഇറങ്ങിയപ്പോഴാണ് പദ്ധതി കടലാസ് വിട്ട് തീരത്തടുത്തത്. തുറമുഖ നിർമ്മാണത്തിനായുള്ള ആദ്യ ശില ഇട്ടുകൊണ്ട് പ്രഖ്യാപനമുണ്ടായത് ആയിരം ദിവസമെത്തുമ്പോൾ വിഴിഞ്ഞം തുറമുഖത്ത് ചരക്കു കപ്പൽ എത്തുമെന്നാണ്. ആ ആയിരം ദിവസം എന്നേ കഴിഞ്ഞുപോയി. തുറമുഖ നിർമ്മാണം ഇപ്പോഴും ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണ്.
ഈ പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ ദിവസം പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിയമസഭാസമിതി തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനായി വിഴിഞ്ഞത്തെത്തിയത്. തീരെ മന്ദഗതിയിൽ നടക്കുന്ന നിർമ്മാണം എം.എൽ.എമാരുടെ സംഘത്തെ അസന്തുഷ്ടരാക്കിയെന്നാണു റിപ്പോർട്ട്. തുറമുഖത്തിന് അതിപ്രധാനമായ പുലിമുട്ടു നിർമ്മാണത്തിന്റെ കാര്യത്തിൽ പുരോഗതി കൈവന്നിട്ടില്ല. മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള പുലിമുട്ടിന്റെ കാൽഭാഗം മാത്രമാണ് ഇതിനകം പൂർത്തിയായത്. പുലിമുട്ടിനാവശ്യമായ കരിങ്കല്ല് കിട്ടാനുള്ള വൈഷമ്യം കാരണമാണ് ഉദ്ദേശിച്ച രീതിയിൽ നിർമ്മാണം മുന്നോട്ടുകൊണ്ടുപോകുന്നതിലെ പ്രധാന തടസമെന്നാണ് തുറമുഖ നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്തിട്ടുള്ള അദാനി കമ്പനി അധികൃതരുടെ പരാതി. പതിനാലു ക്വാറികളിൽ നിന്ന് കല്ലെടുക്കാൻ കമ്പനി അപേക്ഷ നൽകിയെങ്കിലും ഒരിടത്തേക്കു മാത്രമാണ് ലൈസൻസ് ലഭിച്ചതത്രെ. ചെക്ക് പോസ്റ്റുകളിലെ തടസങ്ങൾ കാരണം തമിഴ്നാട്ടിൽ നിന്ന് കല്ലു കൊണ്ടുവരാനും കഴിയുന്നില്ല. കമ്പനി നിരത്തുന്ന പരാതിയിൽ കഴമ്പില്ലെന്നു പറയാനാവില്ല. നിർമ്മാണ സാമഗ്രികൾ യഥാസമയം ലഭിക്കേണ്ടത് പദ്ധതി പൂർത്തീകരണത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. നിർമ്മാണത്തിനാവശ്യമായ സർക്കാർ ചെയ്യേണ്ട കാര്യങ്ങളിൽ ഭൂരിഭാഗവും ഇതിനകം നിറവേറ്റിയിട്ടുണ്ടെന്നാണ് നിയമസഭാ സമിതി അംഗങ്ങളുടെ വിലയിരുത്തൽ. നിർമ്മാണ കമ്പനിയുടെ വീഴ്ചകളാണ് പദ്ധതി വൈകാൻ കാരണമെന്നും അവർ കരുതുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി ആറുമാസത്തിനകം പദ്ധതി ഒന്നാം ഘട്ടം പ്രവർത്തനക്ഷമമാക്കാൻ അദാനി കമ്പനി അധികൃതരോട് ആവശ്യപ്പെട്ട ശേഷമാണ് സമിതി അംഗങ്ങൾ മടങ്ങിയത്.
സഭാസമിതിയുടെ താത്പര്യം അഭിനന്ദനീയമെന്നു പറയാമെങ്കിലും ഇത്തരം ഇടപെടലുകൾ ആദ്യം മുതലേ ഉണ്ടാകാതെ പോയതെന്തുകൊണ്ടെന്ന ചോദ്യം പ്രസക്തമാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിൽ മാത്രമല്ല വികസനവുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും സർക്കാരിന്റെയും ജനപ്രതിനിധികളുടെയും നിരന്തര നിരീക്ഷണവും സാന്നിദ്ധ്യവും ഉണ്ടെങ്കിലേ നിശ്ചയിച്ചുറപ്പിച്ച സമയത്ത് അവ പൂർത്തിയാവുകയുള്ളൂ. ഏതിനും ഇടങ്കോലിട്ട് പണി വൈകിപ്പിക്കുക എന്നത് ശീലമാക്കിയവരെ പ്രതിരോധിക്കാൻ ജനപ്രതിനിധികൾ വിചാരിച്ചാലേ കഴിയൂ. വിഴിഞ്ഞം പോലുള്ള ബൃഹത് പദ്ധതി നിശ്ചയിച്ചതിലും ഒരു ദിവസം മുൻപേ കമ്മിഷൻ ചെയ്താലുണ്ടാകാവുന്ന ഗുണം സർവരും മനസിലാക്കണം. പദ്ധതി ഇഴഞ്ഞുനീങ്ങുകയാണെങ്കിൽ അതിന്റെ കാര്യകാരണങ്ങൾ അന്വേഷിച്ച് സത്വരമായി പരിഹാര നടപടികൾ സ്വീകരിക്കണം. കുറ്റപ്പെടുത്തലല്ല, പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാൻ തങ്ങൾക്ക് എന്തു സഹായം ചെയ്യാനാകുമെന്നാണ് ആലോചിക്കേണ്ടത്. പാറക്ഷാമം കാരണമാണ് പുലിമുട്ട് നിർമ്മാണം വൈകുന്നതെങ്കിൽ ഇതുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കാൻ സർക്കാർ വിചാരിച്ചാൽ സാധിക്കില്ലേ? വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി ആവശ്യമായ ലൈസൻസ് ലഭ്യമാക്കാനും പാറ വിഴിഞ്ഞത്തെത്തിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു മുൻകൈയെടുക്കാവുന്നതാണ്. ജനപ്രതിനിധികൾക്ക് ഇത്തരം കാര്യങ്ങളിൽ മേൽനോട്ടം വഹിക്കാനാകും. ഏതു വലിയ പദ്ധതിയുമായും ബന്ധപ്പെട്ട് പ്രാദേശികമായും അല്ലാതെയും തടസങ്ങൾ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. അവയ്ക്ക് ഉടനടി പരിഹാരം കാണുന്നതിലാണ് മിടുക്ക് കാണിക്കേണ്ടത്.
തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്പീഡ് റെയിൽപ്പാതയ്ക്കായി സംസ്ഥാനം തയ്യാറെടുക്കുകയാണ്. 66000 കോടി രൂപയുടെ ഈ വൻ പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പ് തുടങ്ങാൻ തീരുമാനമെടുത്തുകഴിഞ്ഞു. തുടങ്ങിയാൽ നാലുവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതു സാദ്ധ്യമാകണമെങ്കിൽ പാത കടന്നുപോകുന്ന പ്രദേശങ്ങളിലുള്ളവരുടെ പിന്തുണ ആദ്യം ഉറപ്പാക്കണം. ഇവിടെയും രാഷ്ട്രീയ കക്ഷികളുടെയും ജനപ്രതിനിധികളുടെയും ആത്മാർത്ഥമായ സഹകരണമാണ് പ്രധാനം. ദേശീയ പാത വികസനം പോലെ നിന്നിടത്തുതന്നെ നിൽക്കുന്ന ഗതികേടിലാവരുത് നിർദ്ദിഷ്ട അതിവേഗ റെയിൽ പദ്ധതി. ജനങ്ങളിൽ ചിന്താക്കുഴപ്പം സൃഷ്ടിച്ചാണ് ഗ്യാസ് ലൈൻ പദ്ധതി വർഷങ്ങളോളം തടഞ്ഞുവച്ചത്. ശബരി റെയിൽ പാതയും ഗുരുവായൂർ - തിരുനാവായ പാതയുമെല്ലാം നഷ്ടമായതിനു പിന്നിലും നിക്ഷിപ്ത താത്പര്യക്കാരുടെ ഇടപെടലായിരുന്നു. ജനങ്ങൾക്കും സംസ്ഥാനത്തിന്റെ വികസനത്തിനും ഉതകുന്ന വലിയ വികസന പദ്ധതികളുടെ കാര്യത്തിൽ പാർട്ടി ഭേദമില്ലാതെ രാഷ്ട്രീയ നേതാക്കൾ സജീവ താത്പര്യം കാണിച്ചാൽ അനുകൂല ഫലം ഉണ്ടാകുമെന്നു തീർച്ചയാണ്. ഈ പ്രശ്നത്തിൽ മറ്റു സംസ്ഥാനങ്ങൾ കാണിക്കുന്ന മാതൃക നമുക്കും സ്വീകരിക്കാവുന്നതാണ്.