തിരുവനന്തപുരം: പന്തീരങ്കാവ് കേസിൽ യു.എ.പി.എ ചുമത്തിയ വിവാദ വിഷയത്തിൽ പൊലീസ് നിലപാടിന് ബദലാണ് സർക്കാർ നിലപാടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ മാസ്റ്റർ. പാർട്ടി കുടുംബമാണെന്ന് കരുതി അലനെയും താഹയേയും സംരക്ഷിക്കാനാകില്ല. സി.പി.ഐയ്ക്ക് സർക്കാരിനെതിരെ മിഥ്യാബോധമാണുള്ളത്. മാവോയിസം തെറ്റാണ്. മാവോയിസ്റ്റ് നിലപാടിനൊപ്പം ചേർന്ന് നിൽക്കാനാവില്ല. ഗവർണറെ സർക്കാരിന് പേടിയില്ല. എം.വി ഗോവിന്ദൻ മാസ്റ്റർ 'ഫ്ളാഷി'നോട് സംസാരിക്കുന്നു..
അത് പൊലീസിന്റെ സ്വാതന്ത്ര്യം
യു.എ.പി.എ വിഷയത്തിൽ കൃത്യമായ നിലപാട് പാർട്ടിക്കുണ്ട്. അതൊരു കരി നിയമമാണ്. യു.എ.പി.എയോട് ആദ്യം മുതൽക്കെ സി.പി.എമ്മിന് എതിർപ്പാണ്. മാവോയിസ്റ്റാണെന്ന് കരുതി ഒരാൾക്കെതിരെ യു.എ.പി.എ ചുമത്താൻ പാടില്ല. എന്നാൽ, അലനും താഹയ്ക്കുമെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയത് എന്തിനെന്ന് വ്യക്തമല്ല. അതിന്റെ ആഴവും പരപ്പും അറിയേണ്ടതുണ്ട്. അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നുള്ള കാര്യം ശരിയാണ്. ആ നിലപാടിൽ പാർട്ടി ഉറച്ച് നിൽക്കുന്നു. അവർക്കെതിരെ യു.എ.പി.എ ചുമത്താനുള്ള ഭരണഘടനപരമായ സ്വാതന്ത്ര്യം പൊലീസിനുണ്ട്. പൊലീസ് യു.എ.പി.എ ചുമത്തുമ്പോൾ അതിൽ ഇടപെടാനുള്ള അവകാശം മുഖ്യമന്ത്രിക്കില്ല. ഒരു കേസിലും ഇടപെടാൻ മുഖ്യമന്ത്രിക്ക് പറ്റില്ല. തങ്ങളുടെ ഇഷ്ടമനുസരിച്ച് കേസ് അന്വേഷിക്കാൻ ഏത് പൊലീസുകാരനും അവകാശമുണ്ട്. സർക്കാർ ഇടപെടേണ്ട സന്ദർഭമുണ്ടാകുമ്പോൾ മാത്രമേ കേസിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാവൂ.
അലനും താഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്തിയതിൽ സർക്കാരിന് ഒരു നാണക്കേടുമില്ല. സർക്കാരിനെ സംബന്ധിച്ച് അത് ഒരു വിഷയമേ അല്ല. പൊലീസെടുക്കുന്ന കേസിൽ സർക്കാരിന് ഇടപെടാൻ കഴിയുമെന്ന ഒരു മിഥ്യാബോധമുണ്ട്. ആ മിഥ്യാബോധമാണ് നാട്ടിൽ പൊതുവെയുള്ളത്. പന്തീരങ്കാവ് യു.എ.പി.എ വിഷയത്തിൽ സർക്കാരിനെതിരെ നിലപാട് സ്വീകരിക്കുന്ന സി.പി.ഐയേയും ഇതേ മിഥ്യബോധമാണ് പിടികൂടിയിരിക്കുന്നത്.
പാർട്ടിക്ക് പ്രയാസമുണ്ട്
മാവോയിസം തെറ്റാണ്. മാവോയിസ്റ്റ് നിലപാടിനൊപ്പം ചേർന്ന് നിൽക്കാൻ പാടില്ല. തെറ്റായ നിലപാടിനൊപ്പം പോകുന്നവർക്കെതിരെ പാർട്ടി നടപടിയുണ്ടാകും. അഞ്ചേകാൽ ലക്ഷം മെമ്പർഷിപ്പുള്ള ഒരു പാർട്ടിയാണ് സി.പി.എം. മുപ്പതിനായിരത്തോളം ബ്രാഞ്ച് കമ്മിറ്റികൾ സംസ്ഥാനത്തുണ്ട്. അതിൽ ഒന്നോ രണ്ടോ പേർ മാവോയിസ്റ്റുകളായി പോയത് തിരിച്ചറിയാൻ പാർട്ടിക്ക് സാധിച്ചില്ല. ആ തിരിച്ചറിവ് ഉണ്ടാകാതെ പോയതിൽ പാർട്ടിക്ക് പ്രയാസമുണ്ട്. രണ്ടാൾ വരുന്നതും പോകുന്നതും പാർട്ടിയെ സംബന്ധിച്ച് വിഷയമുള്ള കാര്യമല്ല. നിലപാടാണ് പ്രശ്‌നം. കോഴിക്കോട് പാർട്ടി ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർക്ക് വിഷയത്തിൽ വ്യത്യസ്ത നിലപാടില്ല. പൊതുസമൂഹത്തിന്റെ മുന്നിൽ അലനും താഹയും സംഘടനാ പ്രവർത്തകർ ആയിരുന്നില്ല. അതുകൊണ്ടുതന്നെ ചാടികയറി ഒരു നിലപാട് സ്വീകരിക്കേണ്ട കാര്യം പാർട്ടിക്കില്ല. പ്രാദേശിക സി.പി.എം ഘടകം അവരുടെ കുടുംബത്തോടൊപ്പമില്ല. അലന്റേതും താഹയുടേതും സി.പി.എം കുടുംബം ആണോയെന്നതല്ല പാർട്ടിക്ക് വിഷയം. പാർട്ടി കുടുംബമായാലും തെറ്റ് ചെയ്യാൻ പാടില്ല. ഇത് വ്യക്തിപരമായ പ്രശ്നമല്ല, നയപരമായ പ്രശ്നമാണ്. സൗഹൃദത്തിന്റെ അടിസ്ഥാനത്തിൽ നിലപാട് സ്വീകരിക്കാൻ സി.പി.എമ്മിനെ കിട്ടില്ല. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ സംഘടനാ നിലപാട് സ്വീകരിക്കുന്നത്.
ഗവർണറെ പേടിയില്ല
ഗവർണറെ നിലപാടുകളെ സംബന്ധിച്ച് സി.പി.എമ്മിന് ആശങ്കയില്ല. ജനാധിപത്യ സംവിധാനത്തിൽ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ നടക്കേണ്ടത്. ആ ബോധ്യത്തിലാണ് സർക്കാർ നീങ്ങുന്നത്. ഇന്ത്യയിലെ ഭരണകൂട സ്ഥാപനങ്ങളെയെല്ലാം കൈപിടിയിലൊതുക്കാനുള്ള ശ്രമങ്ങളാണ് ആർ.എസ്.എസ് നടത്തുന്നത്. ആരിഫ് മുഹമ്മദ് ഖാന്റെ അജണ്ട എന്തെന്ന് ഭാവി തെളിയിക്കേണ്ടതാണ്. ഗവർണർ പത്രസമ്മേളനം വിളിച്ച് സർക്കാരിനെ എതിർത്ത് കൊണ്ടിരിക്കുകയാണ്. ആ എതിർപ്പ് അസാധാരണമാണെന്ന് ജസ്റ്റിസ് പി.സദാശിവം തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഓർഡിനൻസ് വച്ച് താമസിപ്പിച്ചാൽ ഭരണഘടനപരമായി സർക്കാർ നീങ്ങും. സമയബന്ധിതമായി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തും. ഗവർണറുമായി ഏറ്റുമുട്ടാൻ സി.പി.എമ്മിനോ സർക്കാരിനോ താത്പര്യമില്ല.
തലയ്‌ക്ക് വെളിവില്ല
ഗവർണർക്കെതിരെ മുഖ്യമന്ത്രി വിമർശനം ഉന്നയിക്കുന്നില്ലെന്ന മുല്ലപ്പള്ളിയുടെ ആരോപണം തെറ്റാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാരും മോദിയും തമ്മിൽ ധാരണയെന്ന് പറയുന്ന കെ.പി.സി.സി അദ്ധ്യക്ഷന് തലയ്ക്ക് വെളിവില്ലാത്തത് കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞുകൊണ്ട് നടക്കുന്നത്. ആദ്യം സ്വന്തം പാർട്ടിയിലെ പ്രശ്നം തീർക്കാൻ മുല്ലപ്പള്ളി ശ്രമിക്കണം. ജംബോ കമ്മിറ്റിയുണ്ടാക്കാൻ പോയ കോൺഗ്രസ് നേതാക്കൾ അവസാനം ഒരു കമ്മിറ്റിയുമില്ലാതെയാണ് തിരിച്ചുവന്നത്.
അവർ വന്നാൽ കൂട്ടും
പൗരത്വ വിഷയവുമായി ബന്ധപ്പെട്ട സമരത്തിൽ വർഗീയപാർട്ടികൾ ഒഴികെ ആരേയും കൂടെ കൂട്ടാൻ ഞങ്ങൾ തയാറാണ്. സംയുക്ത പ്രക്ഷോഭത്തിൽ ലീഗിന്റെ സഹകരണം ഞങ്ങൾ സ്വീകരിക്കും. എസ്.ഡി.പി.ഐയും വെൽഫയർ പാർട്ടിയും ഒഴിച്ച് മറ്റ് ആരുമായും ചേർന്ന് പ്രക്ഷോഭം നടത്തും. എന്നാൽ യു.ഡി.എഫിന്റെ ഭാഗമായുള്ള ആരേയും ഇന്നത്തെ സാഹചര്യത്തിൽ ഞങ്ങൾ എൽ.ഡി.എഫിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല. ലീഗിന്റെയും കേരള കോൺഗ്രസിന്റെയും നിലപാട് അടിസ്ഥാനപ്പെടുത്തിയായിരിക്കും ഞങ്ങൾ നിലപാട് സ്വീകരിക്കുക. അവർ എന്ത് നിലപാട് എടുക്കുമെന്ന് നോക്കട്ടെ. മുൻകൂട്ടി അവരെ കൂട്ടാൻ പോവുകയാണെന്ന് പറയാൻ ഞങ്ങളില്ല. എന്നാൽ, പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം കക്ഷി രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയല്ല.