കുഴിത്തുറ: റിപ്പബ്ലിക് ദിന സുരക്ഷയുടെ ഭാഗമായി കന്യാകുമാരി ജില്ലയൊട്ടാക്കെ രണ്ടായിരം പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. കളിയിക്കാവിള ചെക്ക്‌പോസ്റ്റിലെ വെടിവയ്പ് കേസിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് റിപ്പബ്ലിക് ദിനത്തിൽ സ്ഫോടനം നടത്താൻ തീരുമാനിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അതിനാലാണ് ജില്ലാ സൂപ്രണ്ട് ശ്രീനാഥിന്റെ നേതൃത്വത്തിൽ സുരക്ഷയ്ക്കായി ഇത്രയും ഉദ്യോഗസ്ഥരെ നിയമിച്ചത്. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ കന്യാകുമാരി ദേവീ ക്ഷേത്രം, ശുചീന്ദ്രം, മണ്ടയ്ക്കാട് എന്നിവിടങ്ങളിൽ മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ചു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് കടലോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത സുരക്ഷയൊരുക്കി. ചെക്ക്‌പോസ്റ്റുകളിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചു. അതിർത്തിയിലുള്ള ചെക്ക്‌പോസ്റ്റുകളിൽ വാഹന പരിശോധനയ്ക്ക് ശേഷം മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ. കന്യാകുമാരി തിരുവള്ളുവർ ശിലയ്ക്കും ഗാന്ധിമണ്ഡപത്തിലും പൊലീസിനെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.കൂടാതെ ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടക്കുന്ന നാഗർകോവിൽ അണ്ണാ മൈതാനത്തിലും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.