തിരുവനന്തപുരം: ഹോളി എയ്ഞ്ചൽസ് കോൺവെന്റ് സ്‌കൂളിലെ അക്ഷരനിറവ് - 2020ന്റെ ഉദ്ഘാടനം ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ നിർവഹിച്ചു. ഹോളി എയ്ഞ്ചൽസ് കോൺവെന്റ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഉഷാലിറ്റ ചടങ്ങിൽ പങ്കെടുത്തു. കുട്ടികളിൽ മാതൃഭാഷാസ്‌നേഹവും വായനാശീലവും വളർത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പദ്ധതിയാണ് അക്ഷരനിറവ് 2020. തലസ്ഥാന ജില്ലയിലെ വിവിധ സ്‌കൂളുകളിൽ പുസ്‌തകപ്രദർശനവും വില്പനയും അക്ഷരനിറവ് 2020ന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ തിരഞ്ഞെടുത്ത 18 സ്‌കൂളുകളിൽ 2020 ജനുവരി 6 മുതൽ തുടങ്ങിയ അക്ഷര നിറവ് ഫെബ്രുവരി 6ന് അവസാനിക്കും. സ്‌കൂളുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും പ്രത്യേകം തയ്യാറാക്കിയ കാറ്റലോഗ് മുൻകൂട്ടി വിതരണം ചെയ്‌തു. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 230 പുസ്‌തകങ്ങൾ പ്രദർശനത്തിനും വില്പനയ്ക്കും ഉണ്ടാകും. ഈ പുസ്‌തകങ്ങളുടെ ഓരോ കോപ്പി വീതം ഒരുമിച്ച് വാങ്ങുന്നവർക്ക് 50 ശതമാനം വിലക്കിഴിവുമുണ്ട്.