population

തിരുവനന്തപുരം: സെൻസസിനോട് സഹകരിക്കുമെന്നും ദേശീയ പൗരത്വ രജിസ്റ്ററിനോട് യോജിക്കില്ലെന്നുമുള്ള സർക്കാർ തീരുമാനത്തിന് ഇന്നലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എം.പിമാരുടെ യോഗത്തിന്റെ പിന്തുണ. സെൻസസിനോടൊപ്പം എൻ.പി.ആർ വിവരങ്ങൾ ശേഖരിക്കാൻ പാടില്ലെന്ന് പാർലമെന്റിൽ ആവശ്യപ്പെടുമെന്ന് എം.പി മാർ പറ‌ഞ്ഞു. പൗരത്വ ഭേദഗതിക്കെതിരായ നിയമസഭയുടെ പ്രമേയത്തെ പിന്തുണച്ച് പാർലമെന്റിൽ സംസാരിക്കുമെന്ന് എം.എം. ആരിഫ് പറഞ്ഞു. സെൻസസ് ചോദ്യങ്ങളെക്കുറിച്ചുള്ള മന്ത്രിസഭാ യോഗത്തിലുണ്ടായ പരാമർശങ്ങൾ പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കിയതായി എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. എം.പിമാരുടെ യോഗത്തെ സർക്കാർ കുറച്ചു കൂടി ഗൗരവത്തിലെടുക്കണമെന്നും വിശദമായ തയ്യാറെടുപ്പ് നടത്തണമെന്നും ബെന്നിബെഹനാൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ കൂടാതെ മൂന്നു മന്ത്രിമാർ മാത്രം പങ്കെടുത്തതിനെയും അദ്ദേഹം വിമർശിച്ചു.
തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്‌പീഡ് റെയിൽ പദ്ധതിയുടെ തുടർനടപടികൾക്ക് എം.പിമാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തിന് നൽകിയ റേഷന് വില ഈടാക്കാനുള്ള നടപടി ഒഴിവാക്കുന്നതിനും സമ്മർദ്ദം ചെലുത്തണം. ഭെൽ ഇലക്ട്രിക്കൽ മെഷീൻ ലിമിറ്റഡിന്റെ 51 ശതമാനം ഓഹരികൾ കേരളം വാങ്ങുന്ന തുടർകരാർ ഒപ്പിടുന്നതിൽ എം.പിമാർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജി.സുധാകരൻ, കെ. കൃഷ്ണൻകുട്ടി, എം.പിമാരായ ബിനോയ് വിശ്വം, കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, ഇ.ടി. മുഹമ്മദ് ബഷീർ, ബെന്നി ബഹനാൻ, എ.എം. ആരിഫ്, പി.വി. അബ്ദുൽ വഹാബ്, ജോസ് കെ. മാണി, എൻ.കെ. പ്രേമചന്ദ്രൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

മറ്റ് ആവശ്യങ്ങൾ

 കേരളത്തിൽ എയിംസ് അനുവദിക്കുക

 ശബരി പാതയ്‌ക്ക് വേണ്ട തുക ബ‌ഡ്‌ജറ്റിൽ വകയിരുത്തുക

 ദേശീയപാത വികസനം വേഗത്തിലാക്കുക

 സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനമന്ത്രിക്ക് നൽകിയ നിവേദനത്തിലെ നിർദ്ദേശങ്ങളും കേന്ദ്ര ബ‌ഡ്ജറ്റിൽ ഉൾപ്പെടുത്തുക

 കേരളത്തിന്റെ പുനർനിർമ്മാണത്തിനായി കടമെടുപ്പ് പരിധി ഉയർത്തുക

 റബറിന്റെ മിനിമം താങ്ങുവില ഉയർത്തുക

 അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂരിൽ പ്രഖ്യാപിക്കുക

 കൊച്ചിൻ ഷിപ്പ്‌യാർഡ്, ഫാക്ട് എന്നിവയിൽ അധിക നിക്ഷേപം നടത്തുക

 കഴിഞ്ഞ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ നഷ്ടപരിഹാരത്തുകയായ 1600 കോടി നൽകുക