ആറ്റിങ്ങൽ: അനന്തപുരി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച പരിസ്ഥിതി ചിത്രമായി അവനവഞ്ചേരി ഗവ. ഹൈസ്കൂൾ നിർമ്മിച്ച ജനിതകം തിരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി സംരക്ഷണ സന്ദേശമാണ് ജനിതകം എന്ന ഹ്രസ്വചലച്ചിത്രം നൽകുന്നത്. പരമ്പരാഗത കൃഷിരീതികളിൽ നിന്നും പുതുതലമുറ പിൻവാങ്ങുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ അവതരിപ്പിക്കുക വഴി കാഴ്ചക്കാരുടെ മനസിൽ പരിസ്ഥിതിയിലേക്ക് മടങ്ങാനുള്ള ആഹ്വാനമാണ് മുപ്പത് മിനിറ്റ് ദൈർഘ്യമുള്ള ജനിതകം നൽകുന്നത് എന്ന് ജൂറി വിലയിരുത്തി.

പത്തു വയസുകാരനായ ഒരു കുട്ടിയുടെ കുടുംബത്തിലും സ്കൂളിലും നടക്കുന്ന സംഭവങ്ങളാണ് പ്രതിപാദ്യം. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ ധനീഷാണ്. ഇതിന്റെ കഥ, തിരക്കഥ,​ സംവിധാനം എന്നിവ നിർവഹിച്ചത് അദ്ധ്യാപകനായ സുനിൽ കൊടുവഴന്നൂരാണ്. അവനവഞ്ചേരി ഗവ. ഹൈസ്കൂൾ നിർമ്മിച്ച രണ്ടാമത്തെ ഹ്രസ്വചിത്രമാണ് ജനിതകം. തിരുവനന്തപുരത്ത് ഭാരത് ഭവനിൽ നടന്ന പുരസ്കാര വിതരണ ചടങ്ങിൽ അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ., സംവിധായകരായ ബാലു കിരിയത്ത്, ശാന്തിവിള ദിനേശ്, പ്രമോദ് പയ്യന്നൂർ, ആർച്ച് ബിഷപ്പ് ഡോ. റോബിൻസൺ ഡേവിഡ് എന്നിവർ സംബന്ധിച്ചു.