വർക്കല: ഇടവ ജനതാമുക്ക് റെയിൽവേ ഗേറ്റിന് സമീപം വാർത്ത ചിത്രീകരിക്കാനെത്തിയ മാദ്ധ്യമപ്രവർത്തകർക്ക്
നേരെ കെ.എസ്.ഇ.ബി ജീവനക്കാരന്റെയും കൂട്ടാളിയുടെയും ആക്രമണം. പ്രാദേശിക ചാനലായ വിസ്‌മയ ന്യൂസിന്റെ കാമറാമാൻ അനീഷ് മംഗലാപുരവും റിപ്പോർട്ടർ വിജീഷ് കോരാണിയുമാണ് ആക്രമണത്തിനിരയായത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വൈദ്യുത പോസ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ജീവനക്കാരൻ കൈയിലുണ്ടായിരുന്ന വടവും കമ്പിയും അലക്ഷ്യമായി താഴേക്ക് വലിച്ചെറിഞ്ഞു. ഇത് സ്‌കൂൾ ബസിലും മാദ്ധ്യമപ്രവർത്തകരുടെ ദേഹത്തേക്കും വീഴുകയായിരുന്നു. ജീവനക്കാരന്റെ അശ്രദ്ധ ചോദ്യം ചെയ്‌ത മാദ്ധ്യമപ്രവർത്തകരെ ഇരുവരും അസഭ്യം പറയുകയും കൈയേറ്റം ചെയ്‌തശേഷം കാമറ തകർക്കുകയുമായിരുന്നു. മാദ്ധ്യമ പ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വർക്കല പൊലീസിൽ പരാതി നൽകി.