kaikkarakadave

വക്കം: ഏറെ നാളത്തെ ആശങ്കകൾക്കും കാത്തിരിപ്പിനുമൊടുവിൽ കായിക്കര കടവ് പാലം യാഥാർത്ഥ്യമാകുന്നു. പാലത്തിന്റെ നിർമ്മാണത്തിന് കിഫ്ബി ഭരണാനുമതി നൽകിയതോടെയാണ് പ്രദേശവാസികളുടെ ഏറെ നാളത്തെ ആഗ്രഹം സഥലമാകുന്നത്. പാലത്തിന്റെ നിർമ്മാണത്തിനായി വക്കം, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തുകളിൽ നിന്നുമായി രണ്ടേക്കർ ഭൂമി ഏറ്റെടുക്കണം. ഇതിനുള്ള പ്രാരംഭ നടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. ഭൂമി എറ്റെടുക്കലും അപ്രോച്ച് റോഡിന്റെ നിർമ്മാണാവും കഴിഞ്ഞാണ് പാലത്തിന്റെ നിർമ്മാണം തുടങ്ങുന്നത്. കായിക്കരക്കടവിന് സമീപത്തെ മൃഗാശുപത്രിയുടെ പിന്നിലാണ് പാലം വരുന്നത്. അവിടെ നിന്ന് നിലവിലെ റോഡുവരെയാണ് അപ്രോച്ച് റോഡ് നിർമ്മിക്കുന്നത്. ഭൂമിയേറ്റെടുത്ത് അളന്ന് കല്ലിട്ടാൽ ഉടൻ തന്നെ ടെൻഡർ നടപടിയിലേക്ക് കടക്കും. ഇരുവശങ്ങളിൽ ഒന്നരമീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും.

കിഫ്ബി അനുവദിച്ചത് - 28 കോടി

ഭൂമി ഏറ്റെടുക്കാൻ - 5.5 കോടി

പാലത്തിന്റെ നീളം - 232. 2

വീതി - 11 മീറ്റർ

യാഥാർത്ഥ്യമാകുന്നത് സ്വപ്‌നപദ്ധതി

കായിക്കര കടവിൽ പാലം വേണമെന്ന ആവശ്യത്തിന് 60 വർഷത്തോളം പഴക്കമുണ്ട്. മാറിമാറി വരുന്ന സർക്കാരുകൾ പദ്ധതി പ്രഖ്യാപിക്കുമെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടിരുന്നില്ല. തീരദേശ മേഖലകളായ വക്കം, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ ,ചെറുന്നിയൂർ മേഖലകളിലുള്ളവരുടെ യാത്രാസൗകര്യവും ഇതോടെ വർദ്ധിക്കും. നിലവിൽ ഒരു കടത്തുവള്ളമാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്.

വൻ വികസന സാദ്ധ്യതകൾ

മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കര ഉൾപ്പെടുന്ന അഞ്ചുതെങ്ങ് പഞ്ചായത്തിനെയും വക്കം പഞ്ചായത്തിനെയും ബന്ധിപ്പിച്ച് അഞ്ചുതെങ്ങ് കായലിന് മുകളിലൂടെയാണ് പാലം നിർമിക്കേണ്ടത്. കായിക്കര പാലം കടന്നാൽ പിന്നെ തീരദേശപാതയായി. അഞ്ചുതെങ്ങിലൂടെ പെരുമാതുറ പാലം വഴി കുറഞ്ഞ ദൂരത്തിൽ തലസ്ഥാനത്തെത്താം. ആറ്റിങ്ങലിലെ ഗതാഗതക്കുരുക്കിൽനിന്ന് മോചനവുമാകും. തീരദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ അകത്തുമുറി കായൽ, പൊന്നുംതുരുത്ത്, വക്കം ഖാദർ സ്‌മാരകം എന്നിവ ഉൾപ്പെടണമെങ്കിലും കായിക്കര കടവുപാലം യാഥാർത്ഥ്യമാകണം.