തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിൽ നാളെ (26) നടക്കുന്ന മനുഷ്യ മഹാശൃംഖല തലസ്ഥാനജില്ലയിൽ കളിയിക്കാവിള മുതൽ കടമ്പാട്ടുകോണം വരെ 79 കിലോമീറ്റർ നീളത്തിലായിരിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അറിയിച്ചു.
കളിയിക്കാവിളയിൽ ജില്ലയിലെ ഒന്നാമത്തെ കണ്ണി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയാണ്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കണ്ണികളാകും. പാറശാല ഇഞ്ചിവിള എ.കെ.ജി നഗറിൽ ശൃംഖലയ്ക്ക് ശേഷം ചേരുന്ന പൊതുയോഗത്തിൽ എം.എ. ബേബിയും സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബുവും സംസാരിക്കും. നെയ്യാറ്റിൻകരയിൽ മന്ത്രി തോമസ് ഐസകും കിള്ളിപ്പാലത്ത് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും കേശവദാസപുരത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസും ശ്രീകാര്യത്ത് സി.കെ. നാണു എം.എൽ.എയും കഴക്കൂട്ടത്ത് ആർ. ബാലകൃഷ്ണപിള്ളയും മംഗലപുരത്ത് ഡെപ്യൂട്ടി സ്പീക്കർ വി. ശശിയും ആറ്റിങ്ങലിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദനും ശൃംഖലയിൽ കണ്ണി ചേർന്ന് പ്രസംഗിക്കും.