തിരുവനന്തപുരം: നഗരസഭാ പരിധിയിലെ ഹോട്ടലുകളിലും തട്ടുകടകളിലും റസ്റ്റോറന്റുകളിലും ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള സുഭോജനം പദ്ധതി, ടാങ്കർ വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള സുജലം സുലഭം എന്നീ പദ്ധതികളുടെ ഉദ്ഘാടനം ഈ മാസം 28ന് നടക്കും. ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ആരോഗ്യ പരിശോധനയും പരിശീലനവും നൽകും. ശുചിത്വ നിലവാരം ഉറപ്പാക്കാൻ നിരന്തരം പരിശോധനയുണ്ടാകും.
ജല അതോറിട്ടിയുമായി ചേർന്നുള്ളതാണ് സുജലം സുലഭം പദ്ധതി. ഫെബ്രുവരി മുതൽ ടാങ്കറിലൂടെയുള്ള കുടിവെള്ള വിതരണത്തിന് ഓൺലൈൻ സംവിധാനമാകും. ജല അതോറിട്ടിയുടെ വെൻഡിംഗ് പോയിന്റിൽ നിന്നാണ് ടാങ്കറിലേയ്ക്കുള്ള വെള്ളം ശേഖരിക്കുക. നഗരസഭയുടെ ലൈസൻസുള്ള ടാങ്കറിന് മാത്രമേ ഫെബ്രുവരി മുതൽ കുടിവെള്ള വിതരണം നടത്താനാകൂ.
പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ടാങ്കറുകളിലൂടെ വെള്ളം ലഭിക്കുന്നതിന് സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്പ്, വെബ് പോർട്ടൽ എന്നിവയിലൂടെ ബുക്ക് ചെയ്യാം. ഉപഭോക്താക്കൾ യൂസർ ഫീ ഓൺലൈനായി മുൻകൂർ അടയ്ക്കണം. ടാങ്കറുകളിലെ ജീവനക്കാർക്ക് ഉപഭോക്താക്കൾ ഫീസൊന്നും നൽകേണ്ട. ലൈസൻസില്ലാതെ ജലവിതരണം നടത്തുന്ന ടാങ്കറുകൾക്ക് പിഴയീടാക്കും. ചൊവ്വാഴ്ച രാവിലെ 10.30ന് മന്ത്രിമാരായ എ.സി. മൊയ്തീനും കടകംപള്ളി സുരേന്ദ്രനും പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.
വട്ടം കറക്കുന്ന ഉദ്യോഗസ്ഥർക്ക് മൂക്കുകയറിടും
നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരെ വട്ടം ചുറ്റിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾക്ക് മൂക്കുകയറിടാൻ മേയറും സംഘവും. പൊതു തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, ജനങ്ങളുടെ പരാതികൾ പരിഹരിക്കാനും മികച്ച സേവനം നൽകാനുമായി മേയറുടെ പരാതി പരിഹാര സെല്ലും ഹെൽപ്പ്ഡെസ്‌കും നഗരസഭയിൽ ഒരുക്കും. ജീവനക്കാരുടെ കാര്യക്ഷമത ഉയർത്താൻ പഞ്ചിംഗും അവരെ നിരീക്ഷിക്കാൻ സി.സി ടിവി കാമറകളും സ്ഥാപിക്കും. ഫെബ്രുവരി മൂന്നിന് മന്ത്രി കെ.കെ. ശൈലജ ഹെൽപ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്യും. നഗരസഭാ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ഹെൽത്ത് ഓഫീസർ, സൂപ്രണ്ടിംഗ് എൻജിനിയർ, റവന്യു ഓഫീസർ എന്നിവരടങ്ങുന്നതാണ് മേയറുടെ പരാതി പരിഹാര സെൽ.
സെപ്‌റ്റേജ് മാലിന്യ ശേഖരണം
സെപ്‌റ്റേജ് മാലിന്യ ശേഖരണവും ഫെബ്രുവരി മുതൽ പൂർണമായും ഓൺലൈനിലേക്ക് മാറും. മാലിന്യം ശേഖരിക്കാൻ മൂന്ന് പുതിയ വാഹനം കൂടി നഗരസഭ വാങ്ങിയിട്ടുണ്ട്. സേവനം ലഭിക്കാൻ സ്മാർട് ട്രിവാൻഡ്രം മൊബൈൽ ആപ്, വെബ്‌പോർട്ടൽ വഴി ബുക്ക് ചെയ്യണം. കോഴിമാലിന്യം ശേഖരിക്കാനും പുതിയ സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത ഏജൻസി മാലിന്യം കടയിൽ എത്തി ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും. അക്ഷയ കേന്ദ്രങ്ങൾ, നഗരസഭ ഹെൽത്ത് സർക്കിൾ ഓഫീസുകൾ, നഗരസഭ മെയിൽ ഓഫീസിലെ കാൾ സെന്റർ എന്നിവിടങ്ങളിൽ ബുക്കിംഗ് സൗകര്യമുണ്ടാകും.
രജിസ്റ്റർ ചെയ്തത്: 94 വാട്ടർ ടാങ്കുകൾ
പരാതി പരിഹാര സെൽ
പ്രവർത്തനം: രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
കോൾസെന്ററും കൺട്രോൾ റൂമും ഉണ്ടാകും. നേരിട്ടോ സ്മാർട്ട് ട്രിവാൻഡ്രം ആപ്പ്, complaints.tmc@gmail.com, 7034232323 വാട്‌സ് ആപ്പ് നമ്പർ എന്നിവ വഴി പരാതി നൽകാം. www.smarttvm.
സുഭോജനം ലൈസൻസിനുള്ള രജിസ്‌ട്രേഷൻ ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കും.
മേയർ കെ. ശ്രീകുമാർ