തിരുവനന്തപുരം: സ്വന്തം പറമ്പിൽ നിന്ന് അനുവാദമില്ലാതെ മണ്ണെടുത്തത് ചോദ്യം ചെയ്‌തതിനാണ് കാട്ടാക്കടയിൽ യുവ കർഷകൻ സംഗീതിനെ മണ്ണ് മാഫിയ ജെ.സി.ബി കൊണ്ട് അടിച്ചുകൊന്നത്. എതിർത്താൽ കൊല്ലുമെന്ന് ആക്രോശിക്കുന്ന മണൽ മാഫിയയ്‌ക്കും സഹായത്തിന് വിളിച്ചാലും വൈകിയെത്തുന്ന പൊലീസിനും നടുവിൽ ആശങ്കയോടെ കഴിയുകയാണ് മലയോരമേഖല. സംഗീതിനോട് മണൽമാഫിയ ഭീഷണി മുഴക്കിയപ്പോൾ സഹായത്തിന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. എന്നാൽ സ്വന്തം വീട്ടുമുറ്റത്ത് കർഷകൻ പിടഞ്ഞുമരിച്ചപ്പോഴും സംരക്ഷണത്തിന് പൊലീസ് എത്തിയില്ല. കാട്ടാക്കട കീഴാറൂർ പാലത്തിന് സമീപം അമ്പലത്തുകാല കാഞ്ഞിരവിള ശ്രീമംഗലം വീട്ടിൽ സംഗീത് ബാലന്റെ പുരയിടത്തിൽ അനധികൃതമായി കടന്നുകയറി മണ്ണിടിച്ച് കടത്താൻ ശ്രമിച്ചവർ മാഫിയ കൂട്ടുകെട്ടിന്റെ ഒരുഭാഗം മാത്രമാണ്. ഇവരെക്കൂടാതെ നിരവധി സംഘങ്ങളാണ് പൊലീസ്, റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മണ്ണിടിക്കൽ നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. കാട്ടാക്കട താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ മണൽമാഫിയാ സംഘങ്ങൾ സജീവമാണ്. അനുവാദമില്ലാതെ തന്റെ പുരയിടത്തിൽ നിന്നു മണ്ണെടുത്തതിനെ സംഗീത് ബാലൻ ചോദ്യം ചെയ്‌തതാണ് മാഫിയ സംഘത്തെ പ്രകോപിതരാക്കിയത്. മണ്ണിടിച്ചതിനെ എതിർത്തപ്പോൾ ജെ.സി.ബി ഉപയോഗിച്ച് സംഗീതിന്റെ വീടിന് പിറകിലായി ഷീറ്റ് മേഞ്ഞ ഭാഗം ആദ്യം ഇവർ തകർത്തു. പിന്നാലെ മതിലിന്റെ ഒരുഭാഗത്തെ ഹോളോബ്രിക്‌സുകൾ ഇടിച്ചിടുകയും ചെയ്‌തു. തുടർന്നാണ് സംഗീത് തന്റെ കാർ വഴിക്ക് കുറുകെയിട്ട് ജെ.സി.ബി പുറത്തുപോകുന്നത് തടഞ്ഞത്. പൊലീസിനെ അറിയിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരുമെത്തിയില്ല. രംഗം പന്തിയല്ലെന്ന് കണ്ട സംഗീത് വീട്ടിനുള്ളിൽ കയറി വാതിലടച്ചു. സ്വിഫ്ട് കാർ തള്ളിമാറ്റി ജെ.സി.ബിയുമായി സംഘം മടങ്ങാൻ ശ്രമിക്കുന്നതുകണ്ടാണ് സംഗീത് വീണ്ടും പുറത്തിറങ്ങിയത്. ഇരുകൈകളുമുയർത്തി ജെ.സി.ബിക്ക് മുന്നിൽ നിലയുറപ്പിച്ച സംഗീതിനോട് ' നിന്നെ കൊന്നിട്ടായാലും ശരി ഞങ്ങൾ പോകും' എന്നായിരുന്നു സംഘത്തലവന്റെ ആക്രോശം. ഇതിനുശേഷമാണ് ജെ.സി.ബിയുടെ ബക്കറ്റ് ഉപയോഗിച്ച് സംഗീതിനെ ശക്തിയായി അടിച്ച് തെറിപ്പിച്ചത്. രക്തമൊലിപ്പിച്ച് നിലത്തുവീണ സംഗീതിനെ ശ്രദ്ധിക്കുകപോലും ചെയ്യാതെ സംഘാംഗങ്ങൾ രക്ഷപ്പെടുകയായിരുന്നു.
പൊലീസ് എത്തിയത് മണിക്കൂറുകൾക്ക് ശേഷം
അനുവാദമില്ലാതെ മണ്ണിടിക്കുന്ന വിവരം സംഗീത് വീട്ടിലെത്തിയ ഉടൻ പൊലീസിനെ അറിയിച്ചിരുന്നു. കാട്ടാക്കടയിൽ നിന്നും ഏഴു കിലോമീറ്റർ മാത്രം ദൂരമുള്ള കാഞ്ഞിരവിളയിൽ പൊലീസ് എത്തിയത് ഒരു മണിക്കൂർ കഴിഞ്ഞാണ്. പ്രശ്‌നം വഷളാകുന്നതുകണ്ട സമീപവാസികളും പൊലീസിനെ ഫോൺ ചെയ്‌തു. എന്നാൽ സംഭവസ്ഥലത്തെത്താതെ മറ്റൊരു പ്രദേശത്തേക്കാണ് പൊലീസ് പോയത്. അടുത്തിടെ നിർമ്മിച്ച കീഴാറൂർ പാലത്തിന് സമീപത്തെ ശക്തിവിനായക ക്ഷേത്രത്തിനടുത്താണ് സംഭവമെന്ന് വീണ്ടും പറഞ്ഞിട്ടും പൊലീസിന് സ്ഥലം ' പിടികിട്ടിയില്ലെന്ന് ' സമീപവാസികൾ പറയുന്നു. മാഫിയാസംഘം അവിടെനിന്നു പോയി ഏറെ നേരം കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും നാട്ടുകാർ സംഗീതിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പൊലീസ് - മണ്ണ് മാഫിയ കൂട്ടുകെട്ടിന്റെ ഫലമാണ് അനാവശ്യ താമസത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൃത്യസമയത്ത് പൊലീസ് എത്തിയിരുന്നെങ്കിൽ ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.