vnd

വെള്ളനാട്: വെള്ളനാട് മാതൃകാ ജംഗ്ഷൻ വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുകയാണ്. മാതൃകാ ജംഗ്ഷനാക്കാനുള്ള നടപടികൾ ആരംഭിച്ചത് ഒന്നര വർഷം മുൻപാണ്. എന്നാൽ ആരംഭിച്ച പ്രവർത്തനങ്ങൾ ഇപ്പോഴും തുടങ്ങിയയിടത്തു തന്നെ നിൽക്കുന്നു. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തിൽ ആലോചനായോഗം ചേർന്നെങ്കിലും തുടർ നടപടികളെല്ലാം മന്ദഗതിയിലായി.

ആര്യനാട് പൊലീസ് സർക്കിൾ ഇൻസ്പെക്ടറിന്റെ പരിധിയിൽ വരുന്ന ഒരു പ്രധാന ജംഗ്ഷനെങ്കിലും മോഡൽ ജംഗ്ഷനാക്കണമെന്ന ഉദ്ദേശത്തോടെയാണ് വെള്ളനാട് മാതൃകാ ജംഗ്ഷനാക്കാൻ അധികൃതർ ശ്രമിച്ചത്. തുടർന്ന് പഞ്ചായത്തിന്റെയും പൊതുമരാമത്ത് അധികൃതരുടെയും വ്യാപാരികളുടെയും സഹായ സഹകരണത്തോടെ ആര്യനാട് പൊലീസ് ആരംഭിച്ച നടപടികളാണ് ഇപ്പോൾ ലക്ഷ്യം കാണാതെ കിടക്കുന്നത്.

മാതൃകാ ജംഗ്ഷൻ പദ്ധതിക്ക് പിന്തുണ നൽകിയ ഗ്രാമപഞ്ചായത്ത് ഇതിന്റെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം രൂപയും അനുവദിച്ചിരുന്നു. വെള്ളനാട് ജംഗ്ഷനിലെ വിവിധ പ്രദേശങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഉന്നത നിലവാരത്തിലുള്ള സി.സി.ടി.വി കാമറകളും സ്ഥാപിച്ചു. വെള്ളനാട്–ചെറ്റച്ചൽ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് മാതൃകാ ജംഗ്ഷൻ പദ്ധതി വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. വെള്ളനാട് ജംഗ്ഷനിൽ ട്രാഫിക്ക് സിഗ്നൽ ഉൾപ്പെടെ സ്ഥാപിച്ച് പരിഷ്കരിക്കുന്നതാണ് പദ്ധതി. എന്നാൽ ഇവയൊക്കെ ഇപ്പോഴും വാഗ്ദാനത്തിൽ മാത്രം ഒതുങ്ങുകയാണ്.