mullapally-ramachandran

തിരുവനന്തപുരം: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ താളത്തിനു തുള്ളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയൊഴിഞ്ഞ് ഡി.ജി.പിയെ ആഭ്യന്തര മന്ത്രിയാക്കുന്നതാണ് നല്ലതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

അലനും താഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്തിയത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തനിക്കു പങ്കില്ലെന്നും എല്ലാം പൊലീസാണ് ചെയ്യുന്നതെന്നുമാണ് ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത്. ഡി.ജി.പിയുടെ ആജ്ഞാനുവർത്തിയായി കേരളത്തിന്റെ മുഖ്യമന്ത്രി മാറുന്നത് ഗതികേടാണ്. പന്തീരാങ്കാവ് യു.എ.പി.എ കേസ് സംബന്ധിച്ച് സി.പി.എം നേതാക്കൾ ഇപ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്.

പൊളിറ്റ് ബ്യൂറോ അംഗവും മുതിർന്ന നേതാവുമായ പിണറായി വിജയൻ പറയുന്നതാണ് പാർട്ടി നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് അലനും താഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്തിയത്. അങ്ങനെയല്ലെന്ന് ഇപ്പോൾ പറയുന്നതിൽ അർത്ഥമില്ല.
സാധാരണ നിലയിൽ ഇത്തരം കേസ് ചുമത്തപ്പെട്ടാൽ എന്താണ് അവർ ചെയ്ത കുറ്റമെന്നെങ്കിലും പറയാറുണ്ട്. പന്തീരാങ്കാവ്‌ കേസിൽ മുഖ്യമന്ത്രി ആ പ്രാഥമിക മര്യാദ പോലും കാട്ടിയില്ല. തങ്ങളുടെ മക്കൾ ചെയ്ത തെറ്റെന്താണെന്ന് പറയണമെന്നാണ് അറസ്റ്റ് ചെയ്യപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്നത്. ആ കുടുംബങ്ങൾക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇക്കാര്യത്തിലും മുഖ്യമന്ത്രി വിശദീകരണം നൽകണം. പൊലീസാണ് കുറ്റം ചുമത്തിയതെങ്കിൽ പിണറായി വിജയന് ആഭ്യന്തരമന്ത്രിയുടെ പദവിയിൽ ഇരിക്കാൻ യോഗ്യതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.