വർക്കല: ശ്രീനാരായണ ധർമ്മസംഗം ട്രസ്റ്റിന്റെ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ബഹ്റിനിലെ ബി.കെ.ജി ഹോൾഡിംഗ്സുമായി സഹകരിച്ച് നടത്തുന്ന മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിഷൻ 2020 ഹെൽത്ത് ഫെസ്റ്റ് ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ 9ന് സംസ്ഥാന ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ. ആർ.എൽ. സരിത ഹെൽത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. ബി.കെ.ജി ഹോൾഡിംഗ്സ് ചെയർമാൻ കെ.ജി. ബാബുരാജൻ മുഖ്യാതിഥിയായിരിക്കും. ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. അടൂർപ്രകാശ് എം.പി, അഡ്വ. വി. ജോയി എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.എച്ച്. സലിം (ചെമ്മരുതി), വി. സുമംഗല (ഇലകമൺ), ആർ. സുഭാഷ് (ഒറ്റൂർ), അമ്പിളിപ്രകാശ് (മണമ്പൂർ), അഡ്വ. എ. അസിംഹുസൈൻ (വെട്ടൂർ), സുനിത എസ്.ബാബു (ഇടവ), ക്രിസ്റ്റി സൈമൺ (അഞ്ചുതെങ്ങ്), ജില്ലാപഞ്ചായത്തംഗം അഡ്വ. എസ്. ഷാജഹാൻ, വർക്കല ഇമാം വി.കെ. മുഹമ്മദ്കുഞ്ഞ് മൗലവി, കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, ഡോ. ഹരിലാൽവാസു, ഡോ. അഭിലാഷ് രാമൻ, ഫാ. പ്രദീപ് ജോസഫ് തുടങ്ങിയവർ സംസാരിക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതം പറയും. ഗുരുദേവ ഭക്തനും ബി.കെ.ജി ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടറുമായ കെ.ജി. ബാബുരാജൻ തന്റെ ജന്മദിനം പ്രമാണിച്ച് സ്പോൺസർ ചെയ്യുന്നതാണ് ഹെൽത്ത്ഫെസ്റ്റ് 2020. ശിവഗിരി തീർത്ഥാടന വേളയിൽ മന്ത്റി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്ത കർമ്മ പദ്ധതിയുടെ തുടർച്ചയാണ് വിഷൻ 2020. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ചികിത്സയും 10 മുതൽ 5 വരെ മെഡിക്കൽ എക്സിബിഷനും ആരോഗ്യ ബോധവത്ക്കരണ ക്ലാസുകളും ഉണ്ടായിരിക്കും. വൈകിട്ട് 5 മുതൽ രാത്രി 8 വരെ കലാപരിപാടികളും നടക്കും.