സീനിയർ ലക്ചറർ കരാർ നിയമനം
കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജിയുടെ (സി-മെറ്റ്) കീഴിലുള്ള നഴ്സിംഗ് കോളേജുകളിൽ സീനിയർ ലക്ചറർ (നഴ്സിംഗ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. സിമെറ്റ് തിരുവനന്തപുരം മുട്ടത്തറ (0471-2300660), എറണാകുളം പള്ളുരുത്തി (0484-2231530) എന്നിവിടങ്ങളിൽ ഒരു വർഷത്തേക്കാണ് നിയമനം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഫെബ്രുവരി പത്തിന് രാവിലെ 9.30നും 11.30നും ഇടയിൽ തിരുവനന്തപുരം പാറ്റൂരിലെ സിമെറ്റ് നഴ്സിംഗ് കോളേജിൽ നേരിട്ടെത്തണം. എം.എസ്‌സി നഴ്സിംഗ് ആണ് യോഗ്യത. ശമ്പളം 21,600 രൂപ. വിദ്യാഭ്യാസ യോഗ്യത, ജാതി, ജനനത്തീയതി, സ്വഭാവം, ഒരു വർഷത്തിനുള്ളിൽ ലഭിച്ച പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, കെ.എൻ.എം.സി രജിസ്‌ട്രേഷൻ (ജി.എൻ.എം, പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്സിംഗ്/ ബി.എസ്‌സി നഴ്സിംഗ്) അധിക യോഗ്യത രജിസ്‌ട്രേഷൻ (എം.എസ്‌സി നഴ്സിംഗ്) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും ഒരു പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in. ഫോൺ: 0471-2302400.
തീയതി നീട്ടി
ഫെബ്രുവരിയിൽ നടക്കുന്ന എൽ.എസ്.എസ് - യു.എസ്.എസ് പരീക്ഷയുടെ രജിസ്‌ട്രേഷൻ 25ന് വൈകിട്ട് 5 വരെ നീട്ടി.
ഡി.സി.എ മോർണിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ (സി-ആപ്റ്റ്) തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനിൽ ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഒരു വർഷം കാലദൈർഘ്യമുളള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സിന്റെ മോർണിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/പ്രീഡിഗ്രി. രാവിലെ 7.30 മുതൽ 9.30 വരെയാണ് ക്ലാസ്. പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ട്. ഒ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദവിവരങ്ങൾക്ക് കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ് (സി-ആപ്റ്റ്), പുന്നപുരം, വെസ്റ്റ്‌ഫോർട്ട്, തിരുവനന്തപുരം-24. ഫോൺ: 0471-2474720, 2467728. വെബ്‌സൈറ്റ് www.captkerala.com.
ജെ.ഡി.സി പരീക്ഷ ഏപ്രിലിൽ
സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സഹകരണ പരിശീലന കേന്ദ്രം/കോളേജ് മുഖേന നടത്തുന്ന ജെ.ഡി.സി കോഴ്സിന്റെ പരീക്ഷ ഏപ്രിൽ 2 മുതൽ 18 വരെ നടക്കും. പരീക്ഷാ ഫീസ് അടക്കേണ്ട അവസാന തീയതി മാർച്ച് 2. പിഴ സഹിതം മാർച്ച് ആറ് വരെ ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് അതത് സഹകരണ പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.
സീനിയർ റസിഡന്റ്: വാക് ഇൻ ഇന്റർവ്യു
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 12ന് നടക്കും. എമർജൻസി മെഡിസിൻ വിഭാഗത്തിൽ അഞ്ച് ഒഴിവുകളാണുള്ളത്. യോഗ്യത പ്രസ്തുത വിഷയത്തിൽ പി.ജി ഉള്ളവരുടെ അഭാവത്തിൽ ജനറൽ മെഡിസിൻ/ജനറൽ സർജറി/പൾമണറി മെഡിസിൻ/ ഓർത്തോപീഡിക്സ് വിഭാഗങ്ങളിൽ പി.ജി ഉള്ളവരേയും പരിഗണിക്കും.
റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ മൂന്ന് ഒഴിവുകളാണുള്ളത്. വിഷയത്തിൽ പിജിയുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് വിഭാഗങ്ങളിലെ അപേക്ഷകർക്ക് ടി.സി.എം.സി രജിസ്‌ട്രേഷൻ ഉണ്ടാകണം. പ്രതിമാസ വേതനം 50,000 രൂപ. വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ പത്ത് മണിക്ക് ഹാജരാകണം.
സനാഥ ബാല്യം: വെക്കേഷൻ ഫോസ്റ്റർ കെയറിലേക്ക് അപേക്ഷിക്കാം
വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നടപ്പിലാക്കുന്ന സനാഥ ബാല്യം വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതിയിലേക്ക് 35 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം www.wcd.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി പത്ത് വൈകിട്ട് അഞ്ച് മണി. അപേക്ഷ അയക്കേണ്ട വിലാസം: ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ഫസ്റ്റ് ഫ്ലോർ, വനിതാശിശുവികസന വകുപ്പ്, പൂജപ്പുര, തിരുവനന്തപുരം. ഫോൺ: 0471-2345121.