ന്യൂസിലൻഡിനെതിരായ ആദ്യ ട്വന്റി - 20 യിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം
ശ്രേയസ് അയ്യർക്കും (58 നോട്ടൗട്ട്) കെ.എൽ. രാഹുലിനും (56) അർദ്ധ സെഞ്ച്വറി
ശ്രേയസ് മാൻ ഒഫ് ദ മാച്ച്
ഓക്‌ലാൻഡ് : കിവികളുടെ നാട്ടിലെത്തി ആദ്യ മത്സരത്തിൽത്തന്നെ തകർപ്പൻ വിജയം നേടി ഇന്ത്യ ഇന്നലെ അഞ്ചു മത്സര പരമ്പരയിലെ ആദ്യ ട്വന്റി - 20യിൽ ആറ് വിക്കറ്റിനാണ് കിവീസിനെ കീഴടക്കിയത്.
ഓക്‌ലൻഡിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി കിവീസിനെ ബാറ്റിംഗിന് ക്ഷണിച്ചു. തുടക്കത്തിലേ തകർത്തടിച്ച കിവീസ് 203/5 എന്ന സ്കോർ ഉയർത്തിയപ്പോൾ 19 ഓവറിൽ നാലു വിക്കറ്റുകൾ നഷ്ടമാക്കി ഇന്ത്യ ലക്ഷ്യം കണ്ടു.
കോളിൻ മൺറോ (59), കേൻ വില്യംസൺ (55), റോസ് ടെയ്‌ലർ (54 നോട്ടൗട്ട്) എന്നിവരുടെ അർദ്ധ സെഞ്ച്വറികളുടെ മികവിലാണ് കിവീസ് മികച്ച സ്കോർ ഉയർത്തിയത്. രണ്ടാം വിക്കറ്റിൽ തകർത്തടിച്ച കെ.എൽ. രാഹുലും (56), വിരാട് കൊഹ്‌ലിയും(48), അപരാജിത അർദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരും (58 നോട്ടൗട്ട്) ഇന്ത്യയെ ചേസിംഗ് വിജയത്തിലേക്ക് നയിച്ചു. ശ്രേയസാണ് മാൻ ഒഫ് ദ മാച്ച്.
മാർട്ടിൻ ഗപ്ടിൽ (19 പന്തുകളിൽ 30 റൺസ്, 4 ഫോർ, 1 സിക്സ്), കോളിൻ മൺറോ (42 പന്തുകൾ, 59 റൺസ്, 6 ഫോർ, 2 സിക്സ്) കിവീസിനായി ഓപ്പണിംഗിൽ 7.5 ഓവറിൽ 80 റൺസ് കൂട്ടിച്ചേർത്തശേഷമാണ് പിരിഞ്ഞത്. തുടർന്ന് മൺറോയും ക്യാപ്ടൻ കേൻ വില്യംസണും (26 പന്തുകൾ, 51 റൺസ്, 4 വീതം ഫോറും സിക്സും) ചേർന്ന് ടീം സ്കോർ 116 ലെത്തിച്ചു. 12-ാം ഓവറിൽ ശാർദ്ദൂൽ, മൺറോയെയും തൊട്ടടുത്ത ഓവറിൽ ജഡേജ കോളിൻഡ്രി ഗ്രാൻഡ് ഹോമിനെയും പുറത്താക്കി 117/3 എന്ന നിലയിലാക്കിയെങ്കിലും റോസ് ടെയ്ലറും വില്യംസണും ചേർന്ന് മുന്നോട്ടു നയിച്ചു. 17-ാം ഓവറിലാണ് വില്യംസണെ ചഹൽ പുറത്താക്കിയത്. 27 പന്തുകൾ നേരിട്ട് മൂന്ന് വീതം ഫോറും സിക്സുമടിച്ച ടെയ്‌ലർ 54 റൺസുമായി പുറത്താകാതെ നിന്നു.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ രോഹിത് ശർമ്മയെ (7) രണ്ടാം ഓവറിൽത്തന്നെ നഷ്ടമായിരുന്നു. സാന്റ്‌നറുടെ പന്തിൽ ടെയ്‌ലർക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു രോഹിത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒരുമിച്ച കെ.എൽ. രാഹുലും (27 പന്തുകൾ, 56 റൺസ്, 4 ഫോർ, 3 സിക്സ്)
ക്യാപ്ടൻ വിരാട് കൊഹ്‌ലിയും (32 പന്തുകൾ, 45 റൺസ്, 3 ഫോർ, 1 സിക്സ്) ചേർന്ന് ചേസിംഗിന് ഊർജം പകർന്നു. ആദ്യ 10 ഓവറിൽത്തന്നെ 115 റൺസിലെത്തിച്ച ശേഷമാണ് രാഹുൽ മടങ്ങിയത്.
12-ാം ഓവറിൽ കൊഹ്‌ലിയും മടങ്ങിയെങ്കിലും നാലാം നമ്പർ പൊസിഷനിൽ കളത്തിലിറങ്ങിയ ശ്രേയസ് അത്യുജ്ജ്വല പ്രകടനത്തിലൂടെ ടീമിനെ വിജയത്തിലേക്കെത്തിച്ചു. ശിവം ദുബെ (13) 14-ാം ഓവറിൽ മടങ്ങിയശേഷം മനീഷ് പാണ്ഡെയെ കൂട്ടു നിറുത്തി വേട്ട തുടർന്ന ശ്രേയസ് 29 പന്തുകളിൽ അഞ്ചു ഫോറും മൂന്നു സിക്സുമടക്കം പുറത്താകാതെ 58 റൺസ് നേടിയാണ് മാൻ ഒഫ് ദ മാച്ചായത്.
രണ്ടാം ട്വന്റി - 20 ഞായറാഴ്ച ഓക്‌ലാൻഡിൽ നടക്കും.